ജമ്മു കശ്മീരിൽ ഭീകരവാദ ബന്ധമുള്ള 700 ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്ത് സുരക്ഷാ സേന

  • 11/10/2021


ശ്രീനഗർ: ജമ്മു കശ്മീരിൽ ആറ് ദിവസത്തിനിടെ ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടതിനു പിന്നാലെ ഭീകരവാദ ബന്ധമുള്ള 700 ൽ അധികം പേരെ കസ്റ്റഡിയിൽ എടുത്ത് സുരക്ഷാ സേന. ഇവരിൽ പലർക്കും നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടെന്നും സംഘനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണെന്നുമാണ് കരുതുന്നത്. കശ്മീരി പണ്ഡിറ്റ്, സിഖ്, മുസ്ലിം സമുദായക്കാർ ഉൾപ്പെടെയുള്ളവരാണ് കശ്മീരിൽ വിവിധ സ്ഥലങ്ങളിലുണ്ടായ ആക്രമണത്തേ തുടർന്ന് കൊല്ലപ്പെട്ടത്.

കശ്മീർ താഴ്വരയിലെ ആക്രമണത്തിന്റെ ശൃംഖല തകർക്കാനാണ് ഇവരെ കസ്റ്റഡിയിൽ എടുത്തതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അഫ്ഗാനിസ്താനിൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഭീകരപ്രവർത്തനങ്ങളിലെ വർധനവാണ് ആക്രമണങ്ങൾക്ക് കാരണമായതെന്നും അദ്ദേഹം പറഞ്ഞു. ലഷ്കറെ തൊയ്ബയുടെ ഉപഘടകമായ ദി റെസിസ്റ്റൻസ് ഫ്രണ്ടാണ് ആക്രമണങ്ങൾക്കും പിന്നിലെന്ന് പൊലീസും ആരോപിക്കുന്നു.

കഴിഞ്ഞ ആഴ്ച ശ്രീനഗറിലെ സർക്കാർ സ്കൂളിൽ രണ്ട് അധ്യാപകരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സ്കൂൾ പ്രിൻസിപ്പൾ സതീന്ദർ കൗർ, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലപ്പെട്ടത്. സഫ മേഖലയിലെ സർക്കാർ സ്കൂളിലാണ് ആക്രമണമുണ്ടായത്. സ്കൂളിനുള്ളിലേക്ക് പ്രവേശിച്ച ഭീകരർ അധ്യാപകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇരുവരേയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നേരത്തെ കശ്മീരി പണ്ഡിറ്റായ ഒരു മെഡിക്കൽ ഷോപ്പ് ഉടമയേയും വഴിയോര കച്ചവടക്കാരനേയും കാബ് ഡ്രൈവറേയും ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ബന്ദിപോറയിൽ ടാക്സി ഡ്രൈവറായ മുഹമ്മദ് ഷാഫി, ശ്രീനഗറിലെ തെരുവ് ഭക്ഷണ വിതരണക്കാരനായ ബിഹാർ സ്വദേശി വീരേന്ദർ പസ്വാൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Related News