ഉത്തരാഖണ്ഡിലെ ഗതാഗത മന്ത്രിയും മകനും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • 11/10/2021


ന്യൂ ഡെൽഹി: ഉത്തരാഖണ്ഡിലെ ഗതാഗത മന്ത്രി യശ്പാല്‍ ആര്യയും മകന്‍ സഞ്ജീവ് ആര്യയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെയാണ് മന്ത്രിയും മകനും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ എത്തിയതെന്ന് ശ്രദ്ധേയം. കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, കെസി വേണുഗോപാല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഡെൽഹിയില്‍വെച്ചാണ് ഇരുവരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടു.

ഉപാധികളൊന്നുമില്ലാതെയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്നും സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രയത്‌നിക്കുമെന്നും യശ്പാല്‍ ആര്യ പറഞ്ഞു. യശ്പാല്‍ മന്ത്രിസ്ഥാനം രാജിവെച്ചെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

2017 നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് യശ്പാല്‍ ആര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയത്. ഹരീഷ് റാവത്തുമായി വിയോജിച്ചാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. പിന്നീട് ബിജെപി ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയും മന്ത്രിയുമായി. അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെയാണ് പുതിയ കൂടുമാറ്റം. ആറ് തവണ എംഎല്‍എയായ പ്രമുഖ ദലിത് നേതാവാണ് യശ്പാല്‍ ആര്യ.

Related News