കെപിസിസി ഭാരവാഹി പട്ടിക: വൈസ് പ്രസിഡൻ്റ് പദവിയിൽ വനിതകളില്ല; പദ്മജ വേണുഗോപാൽ നിർവ്വാഹക സമിതിയിൽ

  • 13/10/2021


ന്യൂ ഡെൽഹി: പുതിയ കെപിസിസി ഭാരവാഹി പട്ടികയിൽ വൈസ് പ്രസിഡൻ്റ് പദവിയിൽ വനിതകളാരുമില്ലെന്ന് സൂചന. രമണി പി നായർ, ദീപ്തി മേരി വർഗീസ്, ഫാത്തിമ റോഷ്ന എന്നിവർ ജനറൽ സെക്രട്ടറിമാരാകും. പദ്മജ വേണുഗോപാലിനെ നിർവ്വാഹക സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിവദാസൻ നായരും വി പി സജീന്ദ്രനും ജനറൽ സെക്രട്ടറിമാരാകും. ബിന്ദുകൃഷ്ണ ഉൾപ്പടെയുള്ള, ഡിസിസി അധ്യക്ഷ പദവി വഹിച്ചിരുന്നവർ പ്രത്യേക ക്ഷണിതാക്കളാകും. 

മൂന്ന് വൈസ് പ്രസിഡന്റുമാരാണ് പട്ടികയിലുള്ളത്. മുൻ ഡിസിസി പ്രസിഡൻറുമാർക്ക് ഇളവില്ല. എം പി വിൻ‌സന്റിനും യു രാജീവനും ഉൾപ്പടെയുള്ളവർക്ക് ഇളവു നൽകേണ്ടെന്നാണ് തീരുമാനമെന്നാണ് വിവരം. 

അതേസമയം, കെപിസിസി പട്ടികയിൽ താനും ഉമ്മൻ ചാണ്ടിയും ഒരു സമ്മർദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോൾ. ലിസ്റ്റ് ചോദിച്ചു, അത് നൽകി. അല്ലാതെ തങ്ങളുടെ സമ്മർദത്തിൽ പട്ടിക വൈകിയെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻ്റുമായി ചോദിച്ച് തീരുമാനമെടുക്കട്ടെയെന്നാണ് ചെന്നിത്തലയുടെ നിലപാട്. 

ഗ്രൂപ്പുകൾ സമ്മർദം ചെലുത്തിയെന്ന വാദം ഒരിക്കലും ശരിയല്ലെന്നും പട്ടിക ഉടൻ പുറത്തുവരണമെന്നാണ് ചെന്നിത്തല പറയുന്നത്. രണ്ട് മൂന്ന് വട്ടം ഇത്തവണ ചർച്ച നടത്തിയെന്നും കഴിഞ്ഞ തവണ ഇതുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുമോയെന്ന കാര്യം അറിയില്ല, ഞങ്ങളോട് ചോദിക്കാതെ മാറ്റം വരുത്തില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുൻ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. 

Related News