ബിഎസ്എഫിന് കൂടുതൽ അധികാരം; ‘ഫെഡറൽ സംവിധാനം തകർക്കാനുള്ള നീക്കം’

  • 14/10/2021

ന്യൂഡൽഹി ∙ അതിർത്തി രക്ഷാ സേനയ്ക്ക് (ബിഎസ്എഫ്) കേന്ദ്ര സർക്കാർ കൂടുതൽ അധികാരം നൽകിയത് വിവാദത്തിൽ. മൂന്നു സംസ്ഥാനങ്ങളിൽ രാജ്യാന്തര അതിർത്തിയിൽനിന്നും 50 കിലോമീറ്റർ അകത്തേക്ക് പരിശോധന നടത്താനും അറസ്റ്റ് ചെയ്യാനുമാണ് അധികാരം നൽകിയത്. പാക്കിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തി സംസ്ഥാനങ്ങളായ അസം, ബംഗാൾ, പഞ്ചാബ് എന്നിവിടങ്ങളിലാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയത്. 

പഞ്ചാബ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇതിനെതിരെ രംഗത്തെത്തി. ഫെഡറൽ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ‍ഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ഛന്നി ആരോപിച്ചു. നീക്കം ഉപേക്ഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങൾ തടയുന്നതിനാണ് ബിഎസ്എഫിന് കൂടുതൽ അധികാരം നൽകിയതെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. 

മുൻപ് രാജ്യാന്തര അതിർത്തിയിൽനിന്നും രാജ്യത്തിനകത്ത് 15 കിലോമീറ്റർ വരെയായിരുന്നു പരിശോധന നടത്താൻ അധികാരം. നാഗാലാൻ‍ഡ്, ത്രിപുര, മണിപ്പുർ, ലഡാക്ക് എന്നിവിടങ്ങളിലും ബിഎസ്എഫിന് കൂടുതൽ അധികാരം ലഭിക്കും. ഗുജറാത്തിൽ 80 കിലോമീറ്റർ ആയിരുന്നത് 50 കിലോമീറ്റർ ആയി ചുരുക്കി.

രാജസ്ഥാനിൽ നേരത്തേതന്നെ 50 കിലോമീറ്റർ പരിധിയായിരുന്നു. അതേസമയം മേഘാലയ, നാഗാലാൻഡ്, മിസോറം, ത്രിപുര, മണിപ്പുർ, ജമ്മു കശ്മീർ, ലഡാക്ക് എന്നിവിടങ്ങളിൽ ദൂരപരിധി നിശ്ചയിച്ചിട്ടില്ല. പുതിയ വിജ്ഞാപനത്തോടെ ബിഎസ്എഫിന് ലോക്കൽ പൊലീസിന്റെ സഹായമോ അറിവോ ഇല്ലാതെ പരിശോധനകൾ നടത്താനും അറസ്റ്റ് രേഖപ്പെടുത്താനും സാധിക്കും. 

Related News