ഐ.പി.എൽ വാതുവെപ്പ്: മലയാളികളടക്കം 27 പേർ അറസ്റ്റിൽ

  • 20/10/2021


ബെംഗളൂരു: ഐ.പി.എൽ വാതുവെപ്പുമായി ബന്ധപ്പെട്ട് മലയാളികളടക്കം 27 പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശികളായ ഗോകുൽ, കിരൺ, ബെംഗളൂരുവിൽ താമസമാക്കിയ മലയാളി സജീവ് എന്നിവർ ഉൾപ്പെടുന്ന സംഘത്തെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇവരിൽ നിന്ന് 78 ലക്ഷം രൂപ പിടിച്ചെടുത്തു.

ചെന്നൈ സൂപ്പർ കിങ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ നടന്ന ഐ.പി.എൽ ഫൈനൽ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബെംഗളൂരുവിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ഓൺലൈനായാണ് വാതുവെപ്പ് നടന്നതെന്ന് പോലീസ് അറിയിച്ചു. 

നിരവധി മലയാളികൾക്ക് വാതുവെപ്പുമായി ബന്ധമുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. ഹോട്ടലിൽ നിന്ന് ഓൺലൈൻ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.

ചെന്നൈ സ്വദേശികളായ സൂര്യ, കപിൽ എന്നിവരും അറസ്റ്റിലായവരുടെ കൂട്ടത്തിലുണ്ട്. ഗോവ, മഹാരാഷ്ട്ര, കർണാടക സ്വദേശികളും ഈ സംഘത്തിലുണ്ട്. ഓൺലൈൻ ബെറ്റിങ്ങിലൂടെ ലക്ഷങ്ങളുടെ ബിസിനസ്സാണ് ഇവർ നടത്തിയത്. 

രണ്ടാഴ്ച മുൻപ് സമാന സാഹചര്യത്തിൽ രണ്ടുപേരെ ഡെൽഹിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് കേസുകൾ തമ്മിൽ ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

Related News