ചൈനീസ് അതിര്‍ത്തിയില്‍ തീവ്രപരിശീലനത്തില്‍ സൈന്യം; പ്രതിരോധകവചമായി ബൊഫോഴ്‌സും യുദ്ധവിമാനങ്ങളും

  • 21/10/2021

ന്യുഡൽഹി: ഇന്ത്യ-ചൈന നിയന്ത്രണരേഖയിലുടനീളം കരുത്ത് കൂട്ടി ഇന്ത്യൻ സൈന്യം. അതിർത്തിയിൽ കനത്ത പ്രഹരശേഷിയുള്ള ആയുധങ്ങൾ വിന്യസിച്ചിരിക്കുകയാണ് ഇന്ത്യൻ സൈന്യം. ചൈനയുമായി സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ശത്രുക്കളുടെ വ്യോമാക്രമണം പ്രതിരോധിക്കാൻ കഴിയുന്ന നവീകരിച്ച 1960കളിലെ വ്യോമപ്രതിരോധ സംവിധാനം, പുതിയ അൾട്രാലൈറ്റ് ചെറുപീരങ്കികൾ, പരിഷ്കരിച്ച ബോഫോഴ്സ് തോക്കുകൾ എന്നിവ നിയന്ത്രണരേഖയിലുടനീളം ഇന്ത്യ വിന്യസിച്ചു.


നിയന്ത്രണരേഖ സംബന്ധിച്ച് ഇരു രാജ്യങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകൾ രൂക്ഷമായി തുടരുമ്പോൾ ഇന്ത്യ അതിർത്തിയിലെ സൈനികശക്തി ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ചൈനയും നേരത്തെ അതിർത്തിയിൽ സൈനികശേഷി വർധിപ്പിച്ചിരുന്നു.

നിയന്ത്രണരേഖയിലെ നിരീക്ഷണം വർധിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം അതിർത്തികളിൽ കൂടുതൽ ജാഗ്രതയ്ക്കായി വിവിധതരം ആളില്ലാ ചെറുവിമാനങ്ങളും എത്തിച്ചിട്ടുണ്ട്. തദ്ദേശീയവും ആധുനികവുമായ സാങ്കേതികവിദ്യയുടെ സഹായത്തിനാണ് ഇന്ത്യൻ സൈന്യം മുൻതൂക്കം നൽകുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള റോഡുകൾ, പാലങ്ങൾ, തുരങ്കങ്ങൾ പോലുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധയും നൽകുന്നുണ്ട്. സുഖോയ്, റഫാൽ യുദ്ധവിമാനങ്ങളും വ്യോമതാവളങ്ങളിൽ നിലയുറപ്പിച്ചിട്ടുണ്ട്.

ചൈനയുടെ ഭാഗത്തുനിന്നുള്ള ഏത് ഭീഷണിയും നേരിടാൻ സൈനികർ തയ്യാറാണെന്ന് അറിയിച്ച് ഇന്ത്യൻ സൈന്യം നിയന്ത്രണരേഖയ്ക്ക് സമീപം തവാങ് സെക്ടറിൽ നിരവധി അഭ്യാസപ്രകടനങ്ങൾ നടത്തി. പ്രതികൂല കാലാവസ്ഥയിലും അരുണാചൽ പ്രദേശിലെ നിയന്ത്രണരേഖയ്ക്ക് സമീപവും ഇന്ത്യൻ സൈനികർ തീവ്ര പരിശീലനത്തിലാണ്.



Related News