അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ ഭീകരാക്രമണം: ഒരാൾ മരിച്ചു; ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക്

  • 24/10/2021


ന്യൂ ഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനിടയിലും കശ്മീരിൽ  ഭീകരാക്രമണം. ഷോപ്പിയാനിൽ ഒരു തദ്ദേശീയൻ കൂടി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ജവാനും, രണ്ട് പൊലീസുകാർക്കും പരിക്ക് ഏറ്റെന്നാണ് റിപ്പോർട്ട്.

അമിത് ഷായുടെ ജമ്മു കശ്മീർ സന്ദർശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദർശനത്തിൽ പുൽവാമ ഭീകരാക്രമണം നടന്ന ലാത് പോരയിൽ അമിത് ഷാ സന്ദർശനം നടത്തിയേക്കുമെന്നാണ് അറിയുന്നത്. തീവ്രവാദ നീക്കത്തിനെതിരെ ശക്തമായ തിരിച്ചടി നടത്തുമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കിൽ സൈനിക വിന്യാസം കൂട്ടാനും നിർദ്ദേശിച്ചിരുന്നു. അടുത്തിടെ നടന്ന ഭീകരാക്രമണങ്ങളിൽ കൊല്ലപ്പെട്ട തദ്ദേശീയരുടെ കുടുംബാംഗങ്ങളെയും അമിത് ഷാ കണ്ടു.

അതേസമയം, ജമ്മു കശ്മീരിൽ  ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍  മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് രം​ഗത്ത് വന്നു. തീവ്രവാദി ആക്രമണം തുടർന്നാൽ കശ്മീരിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് ബിപിൻ റാവത്ത് പറഞ്ഞു. പാകിസ്ഥാൻ നിഴൽ യുദ്ധമാണ് നടത്തുന്നത്. കശ്മീരിൽ സമാധാനം പുലരുന്നത് പാകിസ്ഥാനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിൻ റാവത്ത് പറഞ്ഞു. ജനങ്ങൾക്ക് ആത്മധൈര്യം നൽകാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News