'ഇത് കാഡ്ബറിയുടെ പരസ്യം മാത്രമല്ല': ഷാരൂഖ്‌ നിങ്ങളുടെ കടയുടെ പരസ്യത്തിലും അഭിനയിക്കും; വൈറലായി കാഡ്ബറി പരസ്യം

  • 24/10/2021


ന്യൂഡൽഹി: കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കാത്ത രാജ്യത്തെ ചെറുകിട-ഇടത്തരം കച്ചവടർക്ക് ദീപാവലി ഉത്സവകാലത്ത് കൈത്താങ്ങേകാൻ കാഡ്ബറിയുടെ പുതിയ പരസ്യം. രാജ്യത്തെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡറായ ബോളിവുഡ് താരം ഷാരുഖിനെ ദീപാവലി കാലത്ത് ഏതു ചെറിയ കടകളുടെയും ബ്രാൻഡ് അംബാസഡറാക്കി മാറ്റാവുന്ന തരത്തിലാണ് കാഡ്ബറിയുടെ പരസ്യം.

വ്യത്യസ്തമായ പരസ്യത്തിലൂടെ പരസ്യ മേഖലയിൽ പുതിയ പരീക്ഷണങ്ങൾക്കാണ് കാഡ്ബെറി വഴിവെക്കുന്നത്. ദീപാവലി ആഘോഷമാക്കാൻ കടകളിൽ നിന്ന് പുതിയ വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ചെരുപ്പുകൾ എന്നിവയുടെ വിൽപനയ്ക്ക് പ്രചാരം നൽകുന്നതാണ് പരസ്യം. 'ഇത് കാഡ്ബറിയുടെ പരസ്യം മാത്രമല്ല' എന്ന രണ്ടര മിനിറ്റോളം നീങ്ങുന്ന പരസ്യചിത്രം ഇതിനോടകം വൈറലായും മാറി.

മെഷീൻ ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഷാരൂഖിന്റെ മുഖഭാവവും ശബ്ദവും പരസ്യത്തിൽ പുനഃരാവിഷ്കരിക്കാൻ സാധിക്കും. ഇതുവഴി രാജ്യത്തെ ഏത് പ്രാദേശിക കച്ചവടക്കാർക്കും തങ്ങളുടെ കടയുടെ പേരിൽ ഷാരുഖിന്റെ പരസ്യം നിർമിക്കാനാകും. കോവിഡ് പ്രതിസന്ധിയിൽ നഷ്ടത്തിലായ ചെറുകിട കച്ചവടക്കാർക്ക് ദീപാവലി കാലത്ത് കൂടുതൽ ഉപഭോക്താക്കളെ തങ്ങളുടെ കടയിലേക്ക് ആകർഷിക്കാൻ ഇത്തരം പരസ്യത്തിലൂടെ സാധിക്കുമെന്നും കാഡ്ബറി കണക്കുകൂട്ടുന്നു.

കാഡ്ബെറി വെബ്സൈറ്റിലൂടെ ഓരോ സ്ഥലത്തിന്റെയും പിൻകോഡ് ഉപയോഗിച്ചാണ് കച്ചവടക്കാർക്ക് അവരവരുടെ കടയുടെ പ്രചാരത്തിനുള്ള പരസ്യം നിർമിക്കാൻ സാധിക്കുക. അതേസമയം എല്ലാ കടകളും ഇതിൽ ഉൾക്കൊള്ളിക്കാൻ പ്രയാസകരമാണെന്നും കമ്പനി പരസ്യത്തിൽ പറയുന്നു. ചെറിയ കച്ചവടക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള കാഡ്ബറിയുടെ ശ്രമത്തെ അഭിനന്ദിച്ച് നിരവധി പേർ യൂട്യൂബ് വീഡിയോയ്ക്ക് താഴെ അഭിപ്രായം രേഖപ്പെടുന്നുണ്ട്.

കോവിഡ് മഹാമാരിയുടെ കാലത്ത് നഷ്ടത്തിലായ വലിയ വ്യവസായ കമ്പനികളും മുൻനിര ബ്രാൻഡുകളും തിരിച്ചുവരവിന്റെ പാതയിലാണ്. എന്നാൽ ചെറിയ-ഇടത്തരം കച്ചവടക്കാരെല്ലാം ഇപ്പോഴും കരകയറാൻ ബുദ്ധിമുട്ടുകയാണ്. ഇവർക്കെല്ലാം സഹായമേകാനാണ് പുതിയ പരസ്യമെന്ന് പറഞ്ഞാണ് കാഡ്ബറിയുടെ ദീപാവലി പരസ്യം ആരംഭിക്കുന്നത്. നമുക്ക് ചുറ്റുമുള്ള ചെറിയ കച്ചവടക്കാരും സന്തോഷകരമായ ദീപാവലി അർഹിക്കുന്നുണ്ടെന്ന ഷാരൂഖിന്റെ സന്ദേശത്തോടെയാണ് പരസ്യം അവസാനിക്കുന്നത്.

Related News