ചെറിയ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധം: യാത്രാവേഗം 40.കി.മി കൂടരുത്

  • 26/10/2021



ന്യൂ ഡെൽഹി: ഇരുചക്ര വാഹനങ്ങളിൽ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ചെറിയ കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കി. ഒമ്പത് മാസം മുതൽ നാല് വയസ് വരെ പ്രായമുള്ള കുട്ടികൾക്കാണ് പുതുതായി ഹെൽമറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. 

സാധാരണ ഗതിയിൽ നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമായിരുന്നില്ല. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച കരട് നിർദേശം പുറത്തിറക്കിയിരിക്കുന്നത്.

കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയതിന് പുറമെ, കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗതയും നിയന്ത്രിക്കുന്ന നിർദേശം ഉപ്പോൾ പുറത്തുവന്നിട്ടുണ്ട്. ചെറിയ കുട്ടികളുമായി യാത്ര ചെയ്യുന്ന ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വേഗം മണിക്കൂറിൽ 40 കിലോമീറ്ററിൽ കൂടരുതെന്നാണ് പുതിയ നിർദേശത്തിൽ പറയുന്നത്. കുട്ടികളെ ഇരുത്തി 40 കിലോമീറ്ററിൽ അധികം വേഗത്തിൽ പോകുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും.

നാല് വയസിൽ താഴെ പ്രായമുള്ള കുട്ടികളുമായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ വാഹനം ഓടിക്കുന്നയാൽ കുട്ടിയെ സുരക്ഷ ബെൽറ്റ്/സ്ട്രാപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബി.ഐ.എസ് മാനദണ്ഡം ഉറപ്പാക്കുന്ന ഹെൽമറ്റ് തന്നെ കുട്ടികൾക്ക് നൽകണമെന്നും ഗതാഗത വകുപ്പിന്റെ കരട് നിർദേശത്തിൽ പറയുന്നു. സൈക്കിളിൽ ഉപയോഗിക്കുന്ന ഹെൽമറ്റും പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ട്.

Related News