മുംബൈ ലഹരിക്കേസില്‍ വഴിത്തിരിവ്, 'സാക്ഷി' കിരണ്‍ ഗോസാവി പുണെയില്‍ അറസ്റ്റില്‍

  • 28/10/2021

പുണെ: മുംബൈ ലഹരിക്കേസിലെ വിവാദ സാക്ഷിയും സ്വകാര്യ ഡിറ്റക്ടീവുമായ കിരൺ ഗോസാവി അറസ്റ്റിൽ. ഇന്ന് പുലർച്ചെ പുണെ പോലീസാണ് ഗോസാവിയെ കസ്റ്റഡിയിലെടുത്തത്. ആഡംബര കപ്പലിൽ ലഹരി പാർട്ടി നടന്ന ദിവസം എൻ.സി.ബി റെയ്ഡ് നടക്കുമ്പോൾ ഗോസാവിയും ഈ സംഘത്തിനൊപ്പമുണ്ടായിരുന്നു. കിരൺ ഗോസാവി സമീർ വാംഖഡെയുടെ സഹായിയാണെന്നും എൻ.സി.ബി കേസുകളിൽ ഇടനിലക്കാരനായി നിന്ന് കോടികൾ തട്ടുന്നുവെന്നും ആരോപണമുണ്ടായിരുന്നു.

ആഡംബര കപ്പലിലെ ലഹരി പാർട്ടി റെയ്ഡിൽ ഗോസാവി എൻ.സി.ബി സംഘത്തിനൊപ്പമുണ്ടായിരുന്നുവെന്നും ഷാരൂഖ് ഖാനിൽ നിന്ന് കോടികൾ ആവശ്യപ്പെട്ടുവെന്നും കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. എന്നാൽ പുണെ പോലീസിന്റെ കസ്റ്റഡിയിലുള്ള കിരണ് ഗോസാവി ഈ ആരോപണങ്ങൾ നിഷേധിച്ചു. താൻ ഒരു കേസിലും ഇടനിലക്കാരനായി നിന്നിട്ടില്ലെന്നും ആഡംബര കപ്പലിൽ റെയ്ഡ് നടക്കുമ്പോൾ അവിടേക്ക് പോയത് സ്വകാര്യ ഡിറ്റക്ടീവ് എന്ന നിലയിലാണെന്നും ഗോസാവി പറയുന്നു.

ഇന്ന് ഉച്ചയോടെ മുംബൈയിൽ എത്തിച്ച ശേഷം ഇയാളെ എൻ.സി.ബി കസ്റ്റഡിയിൽ വിട്ടേക്കും. ഈ കേസിൽ എൻ.സി.ബി ഗോസാവിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം. മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസിൽ ഉത്തർപ്രദേശ് പോലീസിൽ കീഴടങ്ങുമെന്ന് ഗോസാവി മൂന്ന് ദിവസം മുൻപ് പറഞ്ഞിരുന്നു. മുംബൈ പോലീസിൽ വിശ്വാസമില്ലെന്നും ഭയമുണ്ടെന്നും ഗോസാവി പറഞ്ഞിരുന്നു. ആര്യൻ ഖാൻ പിടിയിലായ കപ്പലിലും പിന്നീട് എൻ.സി.ബി ഓഫീസിലും താരപുത്രനൊപ്പമുള്ള ഗോസാവിയുടെ സെൽഫികൾ പ്രചരിച്ചിരുന്നു.

ഗോസാവിക്ക് എൻ.സി.ബി ആര്യൻഖാനെ കാണാനും ഒപ്പം നിന്ന് ചിത്രമെടുക്കാനും അതിര്കടന്ന സ്വാതന്ത്ര്യം നൽകുന്നുവെന്നും ഇത് അന്വേഷണത്തിൽ വലിയ ക്രമക്കേടുണ്ടെന്നതിന്റെ തെളിവാണെന്നും മഹാരാഷ്ട്ര സർക്കാർ ആരോപിച്ചിരുന്നു. ഷാരൂഖ് ഖാനിൽ നിന്ന് 18 കോടി വാങ്ങിയെടുക്കുമെന്നും ഇതിൽ എട്ട് കോടി സമീർ വാംഖഡെക്കാണെന്നും ഗോസാവി ഫോണിൽ പറയുന്നത് കേട്ടുവെന്നും കേസിലെ മറ്റൊരു സാക്ഷിയായ പ്രഭാകർ സെയിൽ വെളിപ്പെടുത്തിയിരുന്നു. ഈ ആരോപണവും ഗോസാവി നിഷേധിച്ചു.

Related News