പൂജകള്‍ നടത്തുന്നതും തേങ്ങ ഉടയ്ക്കുന്നതും ക്ഷേത്രകാര്യം; ആചാരങ്ങളില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

  • 16/11/2021


ന്യൂ ഡെൽഹി: ക്ഷേത്രങ്ങളിലെ ദൈനംദിന പൂജകളിലും ആചാരങ്ങളിലും ഭരണഘടന കോടതികൾ ഇടപെടില്ലെന്ന് സുപ്രീം കോടതി. തിരുപ്പതി ക്ഷേത്രത്തിലെ ചില പ്രധാന അനുഷ്ഠാനങ്ങളിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. എന്നാൽ ക്ഷേത്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ ഏതെങ്കിലും വീഴ്ചയുണ്ടായാൽ കോടതികൾക്ക് ഇടപെടാം എന്നും സുപ്രീം കോടതി വ്യക്തമാക്കി.

തിരുപ്പതി ക്ഷേത്രത്തിലെ അഭിഷേകം, പൂജകൾ എന്നിവ ആചാരപ്രകാരം അല്ലെന്ന് ചൂണ്ടിക്കാട്ടി ശ്രീവാരി ദാദാ നൽകിയ ഹർജി തീർപ്പാക്കികൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയത്. ക്ഷേത്രത്തിൽ എങ്ങനെ പൂജ നടത്തണം. തേങ്ങ ഉടയ്ക്കണം, ആരതി നടത്തണം എന്ന് ഭരണഘടന കോടതികൾക്ക് നിർദേശം നൽകാൻ കഴിയില്ല എന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വ്യവസ്ഥാപിതമായ ആചാരങ്ങൾ പാലിക്കുന്നില്ല എന്ന പരാതിയുണ്ടെങ്കിൽ ഹർജിക്കാരന് കീഴ് കോടതിയിൽ സിവിൽ സ്യൂട്ട് നൽകാവുന്നത് ആണെന്നും കോടതി വ്യക്തമാക്കി.

അതേസമയം ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ ഏതെങ്കിലും വീഴ്ച്ചയോ, ദർശനം അനുവദിക്കുന്നതിൽ വിവേചനം ഉണ്ടെങ്കിലോ നിർദേശം നൽകാൻ തങ്ങൾക്ക് കഴിയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആചാരം, പൂജ എന്നിവ സംബന്ധിച്ച് ഭക്തന് ഉള്ള സംശയങ്ങൾ നീക്കാൻ തിരുപ്പതി ദേവസ്വത്തിന് ബാധ്യത ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതിന് അപ്പുറം ക്ഷേത്രത്തിന്റെ ദൈനം ദിന കാര്യങ്ങളിൽ കോടതി ഇടപെടുന്നത് പ്രായോഗികം അല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി

Related News