ആദി ശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കാൻ 2000 കോടി രൂപ; പദ്ധതിയിൽ സംശയവും കടബാധ്യതയും ചൂണ്ടിക്കാട്ടി പ്രതിപക്ഷം

  • 11/01/2022

ഭോപ്പാൽ: ആദി  ശങ്കരാചാര്യരുടെ 108 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കാൻ 2000 കോടി രൂപയുടെ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. ഇതിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര മ്യൂസിയവും സ്ഥാപിക്കും. ആചാര്യ ശങ്കർ സംസ്‌കൃതിക് ഏക്താ ന്യാസിന്റെ ബോർഡ് ട്രസ്റ്റി യോഗത്തെ അഭിസംബോധന ചെയ്ത് മധ്യപ്രദേശ്  മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാനാണ് കഴിഞ്ഞ ആഴ്ച പദ്ധതി പ്രഖ്യാപിച്ചത്.

പദ്ധതിയിൽ സംശയം പ്രകടിപ്പിച്ച മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ബജറ്റിൽ തുക അനുവദിച്ച ശേഷമേ ഇത് ചർച്ചയാക്കേണ്ടതുള്ളൂവെന്ന് പറഞ്ഞു. സംസ്ഥാനത്തിന്റെ ഭീമമായ കടബാധ്യതകളും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ഓംകാരേശ്വരത്ത് ആദിശങ്കര മ്യൂസിയത്തിയവും അതിൽ 108 അടിയുള്ള വിവിധയിനം ലോഹങ്ങൾ കൊണ്ട് നിർമിക്കുന്ന പ്രതിമ സ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതി സംസ്ഥാനത്തെ ലോകവുമായി ബന്ധിപ്പിക്കുമെന്ന് ശിവ്രാജ് സിങ് ചൗഹാൻ പറഞ്ഞു.

സ്റ്റാച്യു ഓഫ് വൺനെസ് എന്ന് വിളിക്കുന്ന പ്രതിമയുടെ ഉയരം 108 അടി ആയിരിക്കും, ഇത് 54 അടി ഉയരമുള്ള അടിത്തറയിലായിരിക്കും സ്ഥാപിക്കുക. മാന്ധാത പർവതത്തിൽ 7.5 ഹെക്ടർ സ്ഥലത്താണ് പ്രതിമയും ശങ്കരാചാര്യ മ്യൂസിയവും സ്ഥാപിക്കുന്നത്.

Related News