കുവൈത്തിൽ യുവാക്കൾ തമ്മിലുള്ള വാക്കുത്തർക്കം അവസാനിച്ചത് കൊലപാതകത്തിൽ

  • 13/03/2022

കുവൈത്ത് സിറ്റി: രണ്ട് യുവാക്കൾ തമ്മിലുള്ള വാക്കുത്തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. 22 വയസുള്ള കുവൈത്തി പൗരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 33 വയസുള്ള ബിദൂൻ യുവാവിനെ ജഹ്‌റ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ഡിപ്പാർട്ട്‌മെന്റ് ഓഫ് റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. കബ്ദ് പ്രദേശത്താണ് സംഭവം. തന്റെ സുഹൃത്തിനെ അജ്ഞാതരായ ചിലർ തട്ടിക്കൊണ്ട് പോയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ വിളിച്ച് ഒരാൾ അറിയിക്കുകയായിരുന്നു. 

ഇവർ തന്റെ സുഹൃത്തിനെ വണ്ടിയിടിപ്പിച്ച ശേഷം അതേ സ്ഥലത്ത് ഉപേക്ഷിച്ചു, ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ​ഗുരുതരമായി പരിക്കേറ്റതിനാൽ മരണപ്പെട്ടുവെന്നുമാണ് വിളിച്ചയാൾ അധികൃതരോട് പറഞ്ഞത്. എന്നാൽ, ആശുപത്രിയിലെത്തി മൃതദേഹം പരിശോധിച്ച അന്വേഷണ ഉദ്യോ​ഗസ്ഥർക്ക് ഇയാളുടെ മൊഴികളിൽ സംശയം തോന്നി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ വ്യക്തമായത്. സാമ്പത്തിക തർക്കം കാരണം ഇവരുടെ സുഹൃത്തുക്കളുടെ സംഘം കൊലപാതകം നടത്തിയ ആളുടെ സ്ഥലത്ത് കയറി ആക്രമിച്ചിരുന്നു.

ഇവിടെ വച്ചുള്ള ആക്രമണത്തിൽ കൊല്ലപ്പെട്ട പൗരന്റെ മറ്റൊരു സുഹൃത്തിനും പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പ്രശ്നത്തെ തുടർന്ന് പിന്തുടർന്ന ഇയാൾ കൊല്ലപ്പെട്ട കുവൈത്തി പൗരന്റെ മേൽ വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജഹ്റ  പ്രദേശത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് മോഷ്ടിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.

Related News