ബിരുദ സർട്ടിഫിക്കേറ്റ് ഇല്ലാത്ത 60 പിന്നിട്ട പ്രവാസികളിൽ നിന്ന് വർക്ക് പെർമിറ്റിന് ഫീസ്; തടഞ്ഞ് കോടതി

  • 16/03/2022

കുവൈത്ത് സിറ്റി: 60 വയസ് പിന്നിട്ട സർവകലാശാല ബിരുദമില്ലാത്ത പ്രവാസികളുടെ വർക്ക് പെർമിറ്റ് പ്രത്യേക വ്യവസ്ഥ പ്രകാരം പുതുക്കുന്നതിനുള്ള മാൻപവർ അതോറിറ്റിയുടെ തീരുമാനത്തെ തടഞ്ഞ് അപ്പീൽ കോടതി. 250 ദിനാർ പുതുക്കൽ ഫീസും 500 ദിനാറിൻ്റെ സ്വകാര്യ ഇൻഷുറൻസും ഏർപ്പെടുത്തി ഈ പ്രായ വിഭാഗത്തിലുള്ള പ്രവാസികൾക്ക് വർക്ക് പെർമിറ്റ് പുതുക്കാമെന്ന മാൻപവർ അതോറിറ്റി തീരുമാനത്തെയാണ് കോടതി തടഞ്ഞിട്ടുള്ളത്. ഏകദേശം രണ്ട് വർഷത്തോളം നീണ്ട പ്രതിസന്ധികൾക്ക് ശേഷം അതോറിറ്റിയെടുത്ത തീരുമാനമാണ് ഒന്നര മാസത്തിന് ശേഷം വീണ്ടും ത്രിശങ്കുവിലായത്.

അതോറിറ്റിയുടെ 2021ലെ 27-ആം നമ്പര്‍ തീരുമാനം അസാധുവാണെന്ന് കീഴ്‌ക്കോടതിയുടെ തീരുമാനം ശരിവച്ചു കൊണ്ട് അപ്പീല്‍ കോടതി വിധിച്ചതായി കുവൈത്തി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിലാളികള്‍ക്കിടയില്‍ വിവേചനം സൃഷ്ടിക്കുന്നതാണ് മാന്‍പവര്‍ അതോറിറ്റി തീരുമാനമെന്ന് വ്യക്തമാക്കി കുവൈത്ത് ഒന്‍ട്രപ്രണേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് മേല്‍ക്കോടതിയുടെ വിധി. വിധിയെ രാജ്യത്തെ സംരംഭകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. തൊഴിലാളികളുടെ വയസും ജോലി ചെയ്യാനുള്ള ശേഷിയും അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല. അതോറിറ്റിയുടെ തെറ്റായ തീരുമാനം പല ബിസിനസുകളെയും ദോഷകരമായി ബാധിച്ചതായും അവർ പറഞ്ഞു.

വിസ പുതുക്കാന്‍ ഇന്‍ഷുറൻസ് തുകയും ഫീസും നല്‍കണമെന്ന അതോറിറ്റിയുടെ തീരുമാനം ലേബർ മാർക്കറ്റിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായും തൊഴില്‍ നൈപുണ്യമുള്ള പലരുടെയും സേവനം നഷ്ടമായെന്നും അസോസിയേഷന്‍ വിമർശനം ഉന്നയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News