കുവൈത്തിലെ ഫൈബര്‍ ഒപ്ടിക് ശ്രംഖല ശക്തിപ്പെടുത്തുന്നു.

  • 24/03/2022

കുവൈത്ത് സിറ്റി : രാജ്യത്തെ ഫൈബര്‍ ഒപ്ടിക് - ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിട്ട് ആറു വ്യത്യസ്ത സ്ഥലങ്ങളിൽ ആശയവിനിമയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം മുനിസിപ്പാലിറ്റിയോട് ആവശ്യപ്പെട്ടു.പദ്ധതിക്കായി സ്ഥലം അനുവദിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തതായും 6 സ്ഥലങ്ങൾ അടിയന്തരമായി അനുവദിക്കാൻ അഭ്യർത്ഥിച്ചതായും മന്ത്രാലയം അണ്ടർസെക്രട്ടറി ഖോലൂദ് അൽ ഷെഹാബ് മുനിസിപ്പാലിറ്റിക്ക് അയച്ച കത്തിൽ പറഞ്ഞു. വഫ്ര, കബ്ദ്, അബ്ദാലി എന്നിവിടങ്ങളിൽ പദ്ധതിക്ക് സ്ഥലം അനുവദിക്കാന്‍ നേരത്തെ മുനിസിപ്പൽ കൗൺസിൽ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. 

സുബ്ബിയ, നുവൈസീബ്, സാൽമി തുടങ്ങിയ പ്രദേശങ്ങളാണ് മന്ത്രാലയം പുതുതായി ആവശ്യപ്പെട്ടത്. ഇത് സംബന്ധമായ പഠനം പൂർത്തിയാക്കിയ ശേഷം റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയും മുനിസിപ്പാലിറ്റിയിലെ യൂട്ടിലിറ്റി കമ്മിറ്റിയും യോഗം ചേര്‍ന്ന് ഈ വിഷയത്തില്‍  തീരുമാനമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പിലാകുന്നതോടെ വീടുകളിലും ഓഫീസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുവാന്‍ സാധിക്കും.

ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്തുന്നതിലൂടെ  ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍  വലിയ വികസന സാധ്യത തെളിയും. അതോടപ്പം സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കുവാനും ഇ-ഹെല്‍ത്ത് പോലുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പിലാക്കാനാകും. ഫൈബര്‍ ശൃംഖല വര്‍ദ്ധിപ്പിക്കുന്നതോടെ ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്. 

Related News