അൽ ദുർറ എണ്ണപ്പാടത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന് ഇറാന്‍;ചര്‍ച്ചകള്‍ക്ക് തയ്യാര്‍.

  • 26/03/2022

കുവൈത്ത് സിറ്റി : അൽ ദുർറ എണ്ണപ്പാടത്തില്‍ അവകാശം ഉന്നയിച്ച് ഇറാൻ. അറേബ്യൻ ഗൾഫിലെ അൽ ദുർറ എണ്ണപ്പാടം തങ്ങള്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും കുവൈത്തിന്‍റെയും സൗദിയുടേയും നീക്കം നിയമവിരുദ്ധമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്‌ സാദെ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് അൽ ദുർറ എണ്ണപ്പാടം വികസിപ്പിക്കുന്നതിനുള്ള കരാര്‍ കുവൈത്ത് എണ്ണ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസും സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസും ഒപ്പ് വെച്ചത്. 

ദുര്‍റ എണ്ണപ്പാടം സ്ഥിതി ചെയ്യുന്നത് കുവൈത്ത് സൗദി ഇറാന്‍ സമുദ്രാതിര്‍ത്തിയിലാണ്.അതിനിടെ അരാംകോ ഗൾഫ് ഓപ്പറേഷൻസ് കമ്പനിയുടെയും കുവൈറ്റ് ഗൾഫ് ഓയിൽ കമ്പനിയുടെയും സംയുക്ത സംരംഭമായ അൽ ഖഫ്ജി ജോയിന്റ് ഓപ്പറേഷൻസ് കമ്പനി ദുർറ ഫീൽഡ് വികസിപ്പിക്കുന്നതിന് ആവശ്യമായ എഞ്ചിനീയറിംഗ് പഠനം നടത്തുന്ന കൺസൾട്ടന്റിനെ ഉടന്‍ തിരഞ്ഞെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

ഇറാനും കുവൈത്തിന്‍റെയും സമുദ്രാതിര്‍ത്തിയിലുള്ള എണ്ണ പാടത്തില്‍ ഇസ്‌ലാമിക് റിപ്പബ്ലിക്കിന് വാതക ഫീൽഡ് ഉപയോഗിക്കുവാന്‍ എല്ലാ അവകാശമുണ്ടെന്നും കുവൈറ്റിന്റെയും സൗദി അറേബ്യയുടെയും ഏറ്റവും പുതിയ നീക്കം ഒരു രീതിയിലും അംഗീകരിക്കില്ലെന്നും ഇറാന്‍ അറിയിച്ചു. ഇത് സംബന്ധമായി കുവൈത്തുമായി ഉഭയകക്ഷി ചർച്ചകൾ തുടരുമെന്നും കുവൈത്തുമായും സൗദി അറേബ്യയുമായും സംയുക്തമായി ചർച്ചകളിൽ ഏർപ്പെടാൻ  തങ്ങള്‍ സന്നദ്ധരാണെന്നും ഇറാന്‍ വ്യക്തമാക്കി. 

Related News