ദുർറ വാതക ഫീൽഡ് വികസിപ്പിക്കാനുള്ള സൗദി-കുവൈത്ത് കരാർ നിയമവിരുദ്ധം: ഇറാൻ

  • 27/03/2022

ടെഹ്റാൻ: ദുർറ വാതക ഫീൽഡ് വികസിപ്പിക്കുന്നതിനായി സൗദി അറേബ്യയും കുവൈത്തും തമ്മിൽ ഈ ആഴ്ച ഒപ്പുവച്ച കരാർ രേഖ നിയമവിരുദ്ധമാണെന്ന് ഇറാൻ. ഈ മേഖലയിൽ ടെഹ്‌റാനും പങ്കാളിത്തമുള്ളതിനാൽ ഫീൽഡ് പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഏത് പ്രവർത്തനത്തിലും ഉൾപ്പെടുത്തണമെന്നും ഇറാൻ ശനിയാഴ്ച വ്യക്തമാക്കി.

കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ കഴിഞ്ഞ തിങ്കളാഴ്ച പ്രസ്താവന പ്രകാരം, പ്രതിദിനം ഒരു ബില്യൺ സ്റ്റാൻഡേർഡ് ക്യുബിക് അടി ഗ്യാസും പ്രതിദിനം 84,000 ബാരൽ കണ്ടൻസേറ്റും ഉത്പാദിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന ദുർറ ഫീൽഡ് വികസിപ്പിക്കുന്നതിന് സൗദി അറേബ്യയുമായി കുവൈറ്റ് കരാറിൽ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ, കുവൈറ്റ്, സൗദി അറേബ്യ എന്നിവയുടെ സംയുക്ത ഫീൽഡാണ് അരാഷ്/അൽ-ദുറ വാതക പാടമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം ട്വീറ്ററിൽ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

ജലാതിർത്തികൾ നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഇറാനും കുവൈത്തിനും ഇടയിലുള്ള പ്രദേശങ്ങളിലാണ് ഇതിന്റെ ഭാഗങ്ങൾ സ്ഥിതി ചെയ്യുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനും വാതകപ്പാടം ഉപയോഗിക്കാനുള്ള  അവകാശമുണ്ടെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

ഒരു സഹകരണ രേഖയുടെ ചട്ടക്കൂടിനുള്ളിൽ കുവൈത്തും സൗദി അറേബ്യയും അടുത്തിടെ നടത്തിയ നീക്കം മുമ്പ്  ചെയ്ത ചർച്ചകൾക്ക് വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് സയീദ് ഖത്തീബ്‌സാദെ പറഞ്ഞതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഈ മേഖലയുടെ പ്രവർത്തനത്തിലും വികസനത്തിലും ഉള്ള ഏതൊരു പ്രവർത്തനവും മൂന്ന് രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News