ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ആളൊഴിഞ്ഞ നിലയിലാണ് കേരളത്തിലെ പല നിരത്തുകളും. അത്യാവശ്യഘട്ടങ്ങളില്‍ റോഡരികില്‍ പോലും ഒറ്റപ്പെട്ടുപോകുന്ന സാഹചര്യമുണ്ട് പലസ്ഥലത്തും. കഴിഞ്ഞ ദിവസം അഞ്ച് വയസ്സുളള മകളുമായി അര്‍ദ്ധരാത്രി ആശുപത്രിയിലേക്ക് പോകവെ വാഹനത്തിന്‍റെ ഇന്ധനം തീര്‍ന്ന് ഒറ്റപ്പെട്ട് വഴിയിലായ കോട്ടയം പളളിക്കത്തോട് സ്വദേശി ശ്രീജിത്ത് ശ്രീധറിനും കുടുംബത്തിനും തുണയായത് പൊന്‍കുന്നം ഹൈവെ പോലീസ്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 12.00 മണിയോടെ ചെവിവേദനിച്ച് കരഞ്ഞ കുഞ്ഞുമായി ശ്രീജിത്തും ഭാര്യയും സ്വന്തം കാറില്‍ പാമ്പാടി ഗവണ്‍മെന്‍റ് ആശുപത്രിയിലേക്ക് യാത്രതിരിച്ചു. എന്നാല്‍ കൊടുങ്ങൂര്‍ ഇളപ്പുങ്കല്‍ ഭാഗത്തെത്തിയപ്പോള്‍ ഇന്ധനം തീര്‍ന്ന് വാഹനം നിന്നുപോയി. വഴിയിലിറങ്ങി പല വാഹനങ്ങള്‍ക്കും കൈകാണിച്ചു. ആശുപത്രിയിലേക്കാണെന്നറിഞ്ഞപ്പോള്‍ കൊറോണ പേടികൊണ്ട് ആരും കയറ്റിയില്ല.എന്തുചെയ്യണമെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോള്‍ ഒരു പോലീസ് വാഹനമെത്തി. കൈകാണിക്കാതെ തന്നെ റോഡരികില്‍ നിര്‍ത്തിയിരുന്ന വാഹനത്തിനടുത്ത് നിര്‍ത്തി വിവരം തിരക്കി. പിന്നെ ഒരു നിമിഷം താമസിക്കാതെ ചെവിയില്‍ നിന്നും രക്തം വാര്‍ന്ന് നിലവിളിക്കുന്ന കുഞ്ഞിനെയും മാതാപിതാക്കളെയും കയറ്റി പോലീസ് സംഘം ആശുപത്രിയിലേക്ക് പാഞ്ഞു. വാഹനത്തിലിരുന്നു തന്നെ പോലീസുദ്യോഗസ്ഥര്‍ പാമ്പാടിയിലെയും കാഞ്ഞിരപ്പളളിയിലെയും ആശുപത്രികളില്‍ വിളിച്ച് ഇ.എന്‍.ടി ഡോക്ടറുണ്ടോയെന്ന് അന്വേഷിച്ചു. ഇല്ലെന്നറിഞ്ഞയുടനെ കാഞ്ഞിരപ്പളളിയിലെ സ്വകാര്യ ആശുപത്രിയില്‍ വിളിച്ച് ഇ.എന്‍.ടി ഡോക്ടറുടെ സേവനം ഉറപ്പുവരുത്തിയ ശേഷം കുഞ്ഞിനെ അവിടെയെത്തിച്ച് ചികില്‍സ നല്‍കി. ചെവിയ്ക്കകത്ത് കയറിയ വണ്ട് കടിച്ച് മുറിവ് പറ്റിയ ഭാഗത്ത് നിന്ന് രക്തം വാര്‍ന്നതല്ലാതെ കുഞ്ഞിന് മറ്റ് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ശ്രീജിത്തിനെയും കുടുംബത്തെയും പത്തൊമ്പതാം മൈലിലെ പമ്പിലെത്തിച്ച് ഇന്ധനം വാങ്ങി നല്‍കി തിരികെ വാഹനത്തിനടുത്ത് കൊണ്ടുപോയി വിട്ട് യാത്രയയച്ചിട്ടാണ് പോലീസ് സംഘം പോയത്. പൊന്‍കുന്നം പോലീസ് സ്റ്റേഷനിലെ എസ്.ഐ ഉണ്ണികൃഷ്ണന്‍.വി.ആര്‍, കോട്ടയം ഡി.എച്ച്.ക്യു വില്‍ നിന്നുളള സിവില്‍ പോലീസ് ഓഫീസര്‍മാരായ വിമല്‍.ബി.നായര്‍, ബിനോയ്മോന്‍ എന്നിവരായിരുന്നു പോലീസ് വാഹനത്തിലുണ്ടായിരുന്നത്. രാത്രി പട്രോളിംഗിനിടയിലുണ്ടായ ജോലികളിലൊന്നുമാത്രമായിരുന്നു പോലീസുകാര്‍ക്കിതെങ്കില്‍ വഴിയരികില്‍ അര്‍ദ്ധരാത്രി ഒറ്റപ്പെട്ട് പോയ ശ്രീജിത്തിന് അവര്‍ ദൈവദൂതന്‍മാരായിരുന്നു.
കൊറോണ ഭീതിമൂലം റോഡില്‍ ആളൊഴിഞ്ഞിട്ടും തക്കസമയത്ത് ആവശ്യപ്പെടാതെതന്നെ പോലീസ് സഹായം ലഭിച്ച തന്‍റെ അനുഭവം ശ്രീജിത്ത് ഫെയ്സ്ബുക്കില്കുറിച്ചതോടെയാണ് വാര്‍ത്ത പുറംലോകമറിഞ്ഞത്. പെരുവഴിയില്‍ നിന്നു കൂട്ടിക്കൊണ്ടുപോയി ആശുപത്രിയിലെത്തിച്ച് ഡോക്ടറെ വിളിച്ചുവരുത്തി ചികില്‍സ നല്‍കി തിരികെ യഥാസ്ഥാനത്ത് കൊണ്ടുവിട്ട പോലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും അവരോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്നും ഇത്തരം ഓഫീസര്‍മാര്‍ കേരള പോലീസിന് അഭിമാനമാണെന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?