ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയത് നിരാശാജനകം: ഡബ്ല്യു.സി.സി

  • 24/04/2022

തിരുവനന്തപുരം: നടിയെ അക്രമിച്ച കേസിന്റെ അന്വേഷണ ചുമതലയുണ്ടായിരുന്ന ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയതില്‍ ആശങ്കയുണ്ടെന്ന് ഡബ്ല്യുസിസി. 

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലാണ്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവരുന്നു. അന്വേഷണം അങ്ങോട്ടുതിരിഞ്ഞപ്പോഴാണ് പ്രതിഭാഗം വക്കീലന്മാര്‍ പരാതി ഉന്നയിച്ചതെന്നും ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അവര്‍ ആരോപിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം: ഞങ്ങളുടെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഈ അവസരത്തില്‍ , എല്ലാവിധ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് ഇപ്പോള്‍ പോലീസ് തലപ്പത്ത് നടന്ന അഴിച്ചു പണി . കോടതി ഉത്തരവനുസരിച്ച് തുടരന്വേഷണത്തിനായി ഒന്നര മാസം കൂടി നീട്ടി നല്‍കപ്പെട്ട അവസ്ഥയില്‍ നിന്നും അന്വേഷണത്തലവനെ മാറ്റുന്നത് നമ്മുടെ പോലീസ് സിനിമകളിലെ സ്ഥിരം ആന്റി ക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണ്. വഴിതെറ്റിയെന്നും നീതി അസാധ്യമെന്നും തോന്നിച്ചിടത്തുനിന്നുമാണ് പുതിയ വഴിത്തിരിവുകള്‍ വഴി തെളിവുകളുടെ ഒരു പരമ്പര തന്നെ പുറത്തെത്തിയത്. കേസ് അട്ടിമറിക്കാന്‍ പ്രതിഭാഗം വക്കില്‍മാരുടെ ഓഫീസ് ശ്രമിക്കുന്നു എന്ന ഞങ്ങളുടെ സഹപ്രവര്‍ത്തകയുടെ പരാതി ശരിയെന്ന് ബോധ്യപ്പെടുത്തും വിധമാമായിരുന്നു ഈ തെളിവുകള്‍. അന്വേഷണം അങ്ങോട്ടേക്ക് നീങ്ങുമ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ പ്രതിഭാഗം വക്കീലന്മാര്‍ പരാതിയുമായി സര്‍ക്കാറിനെ സമീപിക്കുന്നതും അന്വേഷണത്തലവനെ മാറ്റുന്നതും. ഇത് എല്ലാ നിലക്കും ഞങ്ങളെ ആശങ്കാഭരിതരാക്കുന്നു. സ്ത്രീപക്ഷ കേരളം ഈ അട്ടിമറിശ്രമത്തോട് ജാഗരൂകരായിരിക്കണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.'



Related News