ആറ്റിൽ കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാർത്ഥി മുങ്ങി മരിച്ചു

  • 25/04/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാമനപുരം ആറ്റിൽ കോളേജ് വിദ്യാർത്ഥി  മുങ്ങി മരിച്ചു. വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷന്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിയായ പുനലൂര്‍ സ്വദേശി ശബരി(21)യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. 

സുഹൃത്തുക്കള്‍ക്കൊപ്പം വാമനപുരം ആറ്റിൽ മേലാറ്റുമൂഴി ഭാഗത്തുള്ള കടവിൽ കുളിക്കാൻ എത്തിയതായിരുന്നു ശബരി. കുളിക്കുന്നതിനിടയിൽ ആറിൻറെ മധ്യഭാഗത്തേക്ക് നീന്തിയ ശബരി മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വെള്ളത്തിൽ താഴ്ന്ന ശബരിയെ പീന്നീട് കാണാതായതായും കുളക്കടവിൽ ഉണ്ടായിരുന്ന സ്ത്രീകൾ പറയുന്നു. 

ഇവര്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ശ്രമിച്ചിട്ടും വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല.  തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർ ഫോഴ്സിൻറെയും പോലീസിൻറെയും നേതൃത്വത്തിൽ നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

വെഞ്ഞാറമൂട് ഫയർഫോഴ്സ് സ്റ്റേഷൻ അസി. ഓഫീസർ എ ടി ജോർജ്, ഗ്രേഡ് സ്റ്റേഷൻ അസി. ഓഫീസർ അലി അക്ബർ, ഫയർ ഓഫീസർമാരായ  അബ്ബാസി, റോഷൻ രാജ്, ശ്യാംകുമാർ, അനീസ്, അരുൺ, സജിത്കുമാർ ഹോം ഗാർഡ്മാരായ ബാഹുലേയൻ നായർ, അരവിന്ദ് എസ് കുമാർ, സുരേഷ് കുമാർ, അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തിരച്ചിൽ.

Related News