ഒഴിവാക്കലിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്ന് ജോസഫ് സി. മാത്യു

  • 25/04/2022

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദത്തിനുള്ള അന്തിമ പാനലില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ ജോസഫ് സി. മാത്യു. പങ്കെടുക്കാന്‍ ഔദ്യോഗികമായി സമീപിച്ചിരുന്നെന്നും രാഷ്ട്രീയ കാരണങ്ങളാണ് ഒഴിവാക്കലിന് പിന്നിലെന്നും അദ്ദേഹം പ്രതികരിച്ചു. വിഷയ വിദഗ്ധന്‍ അല്ലാത്തതിനാലാണ് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയത് എന്നാണ് ഔദ്യോഗിക വിശദീകരണം.

എതിര്‍ ശബ്ദങ്ങള്‍ കേള്‍ക്കാനും എതിര്‍വാദങ്ങള്‍ക്ക് മറുപടി പറയാനുമാണ് കെ റെയില്‍ കോര്‍പ്പറേഷന്‍ സെമിനാര്‍ നടത്തുന്നത്. നാഷണല്‍ അക്കാദമി ഒഫ് ഇന്ത്യന്‍ റെയില്‍വേസില്‍ നിന്ന് വിരമിച്ച സീനിയര്‍ പ്രൊഫസര്‍ മോഹന്‍ എ മേനോനാണ് സെമിനാറിന്റെ മോഡറേറ്റര്‍. ഇന്ത്യന്‍ റെില്‍വേ റിട്ടയേര്‍ഡ് ചീഫ് എന്‍ജിനീയര്‍ അലോക് കുമാര്‍ വര്‍മ, ആര്‍.വി.ജി.മേനോന്‍, പരിസ്ഥിതി ഗവേഷകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ പദ്ധതിക്ക് എതിരായി സംസാരിക്കും.

റെയില്‍വേ ബോഡ് റിട്ട. എന്‍ജിനിയര്‍ സുബോധ് കുമാര്‍ ജയിന്‍, കേരള സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കുഞ്ചെറിയ പി. ഐസക്, ട്രിവാന്‍ഡ്രം ചേംബര്‍ ഒഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ ലെയിനു വേണ്ടി വാദിക്കും. 28 ന് തിരുവനന്തപുരത്താണ് സെമിനാര്‍.

Related News