ആംസ്റ്റര്‍ഡാമില്‍ പോകുന്നത് കെ.എസ്.ആര്‍.ടി.സിയുടെ ചിലവിലല്ലെന്ന് വിശദീകരണം

  • 25/04/2022

തിരുവനന്തപുരം: ക്ലീന്‍ ബസ് ഇന്‍ യൂറോപ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ ഗതാഗതസെക്രട്ടറിയെന്ന നിലയിലാണ് ബിജു പ്രഭാകര്‍ പങ്കെടുക്കുന്നതെന്ന് ഗതാഗതസെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു. 

നെതര്‍ലാന്‍ഡ്‌സിലെ ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുവേണ്ടി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഗതാഗത സെക്രട്ടറിമാര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍മാര്‍, പൊതുമേഖലയില്‍ ഉള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ സിഇഒമാര്‍ തുടങ്ങിയവര്‍ക്ക് വളരെ നേരത്തെ തന്നെ ക്ഷണം ലഭിച്ചതുമാണെന്നും ജി.എ.ഡിയില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഈ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതെന്നും ഓഫീസ് വ്യക്തമാക്കി.

സാധാരണ ഡെലിഗേറ്റിന് 1200 യൂറോയാണ് (ഏകദേശം 1,10,000 രൂപ) ഫീസ്. എന്നാല്‍, പ്രത്യേക ക്ഷണമുള്ള സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഡിസ്‌കൗണ്ട് ഫീസായ 475 യൂറോ ( ഏകദേശം 45,000) രൂപ നല്‍കിയാല്‍ മതി. ഇത് അനുസരിച്ച് ക്ഷണം ലഭിച്ചപ്പോള്‍ ഗതാഗത / നഗരകാര്യ സെക്രട്ടറി എന്ന നിലയിലാണ് ബിജു പ്രഭാകറിന് സംസ്ഥാനസര്‍ക്കാര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ അനുവാദം നല്‍കിയത്.

Related News