ആകാശും അര്‍ജ്ജുനും ആര്‍.എസ്.എസ് സംഘങ്ങളുമായിപ്പോലും ബന്ധമുള്ളവരെന്ന് ഡി.വൈ.എഫ്.ഐ നേതാവ്

  • 25/04/2022

കണ്ണൂര്‍: ആകാശ് തില്ലങ്കേരിയും അര്‍ജ്ജുന്‍ ആയങ്കിയും അടക്കമുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങള്‍ ആര്‍.എസ്.എസ് ക്രിമിനല്‍ സംഘങ്ങളുമായി പോലും ബന്ധമുള്ളവരാണെന്ന് ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസ്. 
സമൂഹ മാധ്യമങ്ങളില്‍ സ്വീകാര്യത കിട്ടാന്‍ പി ജയരാജന്റെ കൂടെ നിന്ന് ഫോട്ടോ എടുത്ത് അതുപയോഗിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. പി ജയരാജനെ മാത്രം പുകഴ്ത്താനും മറ്റുള്ള നേതാക്കളെ ഇകഴ്ത്താനും ഇവര്‍ക്ക് സാധിക്കുന്നത് പാര്‍ട്ടി ബോധ്യം ഇല്ലാത്തതിനാലാണെന്നും ഡിവൈഎഫ്‌ഐയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ മനു കുറ്റപ്പെടുത്തി. ഇരുവരേയും പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതാണെന്നും മനു തോമസ് പറഞ്ഞു. 

എല്ലാം തുറന്നു പറയും എന്ന് വിരട്ടി ഡിവൈഎഫ്‌ഐയെ വെറുതെ ബ്ലാക് മെയില്‍ ചെയ്യാന്‍ ശ്രമിക്കാതെ പറയാനുള്ളത് തുറന്ന് പറയണമെന്നാണ് അര്‍ജുന്‍ ആയങ്കിക്ക് മനു തോമസിന്റെ മറുപടി. ഒരാളെ കൊല്ലാനും പാര്‍ട്ടി ഇവരെ പറഞ്ഞുവിട്ടില്ല. പി ജയരാജന്‍ തങ്ങളുടെ കീശയിലാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

കഴിഞ്ഞ ദിവസമാണ് ഡിവൈഎഫ്‌ഐക്ക് മുന്നറിയിപ്പുമായി അര്‍ജ്ജുന്‍ ആയങ്കി ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. വെറുതെ എന്നെക്കൊണ്ട് എല്ലാ കാര്യങ്ങളും പറയിപ്പിക്കരുതെന്നും തുറന്ന് പറഞ്ഞാല്‍ പിന്നാലെയുണ്ടാകുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ഡിവൈഎഫ്‌ഐ നേതൃത്വം ഉത്തരവാദിത്തം പറയേണ്ടി വരുമെന്നുമെന്നുമായിരുന്നു അര്‍ജുന്റെ മുന്നറിയിപ്പ്. 



Related News