സില്‍വര്‍ ലൈന്‍ സംവാദത്തില്‍ നിന്ന് പിന്‍മാറുമെന്ന് അലോക് വര്‍മ

  • 26/04/2022

തിരുവനന്തപുരം: സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് വിയോജിപ്പ് രേഖപ്പെടുത്തിയ വിദഗ്ധരെയടക്കം പങ്കെടുപ്പിച്ച് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംവാദത്തില്‍ നിന്നും പിന്മാറുമെന്ന് പാനല്‍ അംഗം അലോക് വര്‍മ്മ അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ സംവാദം നടത്തും എന്നാണ് അറിയിച്ചതെങ്കിലും ഇപ്പോള്‍ കെ റെയിലാണ് പാനലില്‍ ഉള്ളവരെ ക്ഷണിച്ചത്. ഇതടക്കം ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ്മ എതിര്‍പ്പുന്നയിച്ചത്.

സംവാദം നടത്തുന്നത് സര്‍ക്കാരാണെന്നായിരുന്നു നേരത്തെ തന്നെ ധരിപ്പിച്ചിരുന്നതെന്ന് ചീഫ് സെക്രട്ടറിക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ നടത്തുന്ന പരിപാടിയായതിനാലാണ് സംവാദത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തന്നെ ക്ഷണിച്ചത് കെ റെയിലാണെന്നും ക്ഷണക്കത്ത് പോലും ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പദ്ധതിയുടെ അനുകൂല വശം ജനങ്ങളെ ബോധിപ്പിക്കാന്‍ സംവാദം എന്നാണ് ക്ഷണക്കത്തിലെ പരാമര്‍ശം. ഇത് ഏകപക്ഷീയവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇന്ന് ഉച്ചക്കുള്ളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തി ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ കത്ത് അയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയതിലുള്ള അതൃപ്തിയും അലോക് വര്‍മ്മ കത്തില്‍ സൂചിപ്പിക്കുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംവാദത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Related News