ചോദ്യപേപ്പര്‍ ആവര്‍ത്തനം; കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ അവധിയില്‍ പ്രവേശിക്കും

  • 26/04/2022

കണ്ണൂര്‍: ബിരുദ വിഷയങ്ങളിലെ ചോദ്യപേപ്പര്‍ അതേപടി ആവര്‍ത്തിച്ച സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഡോ. പി.ജെ വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കും. ഈ മാസം 28 മുതലാണ് അദ്ദേഹം അവധിയില്‍ പ്രവേശിക്കുക. 

സൈക്കോളജി ബോട്ടണി വിഷയങ്ങളിലെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ചതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിമര്‍ശനമുന്നയിച്ചതിന് പിന്നാലെ വി സി യെ കണ്ട് പി.ജെ. വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ രാജി വേണ്ട എന്ന നിലപാടാണ് വി സി സ്വീകരിച്ചത്. ഇരുവരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അവധിയില്‍ പോകുന്ന കാര്യത്തില്‍ തീരുമാനമായത്. 

28 മുതല്‍ അവധിക്ക് പോകാന്‍ പരീക്ഷാ കണ്‍ട്രോളര്‍ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം. ബിരുദ പരീക്ഷയില്‍ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തെ കുറിച്ച് രണ്ടംഗ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.ഗവ. കോളജ് അധ്യാപകനായ പി.ജെ.വിന്‍സന്റ് ചൊക്ലിയിലെ പുതിയ ഗവ.കോളജിന്റെ സ്‌പെഷല്‍ ഓഫിസറായിരിക്കെ ഡപ്യൂട്ടേഷനിലാണു കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ സ്ഥാനത്തെത്തിയത്.

Related News