'കോണ്‍ഗ്രസിലേക്കില്ല, പാര്‍ട്ടിക്ക് വേണ്ടത് കൂട്ടായ നേതൃത്വം:' പ്രശാന്ത് കിഷോര്‍

  • 26/04/2022



ദില്ലി: കോണ്‍ഗ്രസിനായി തന്ത്രങ്ങള്‍ മെനയാന്‍ വീണ്ടും പ്രശാന്ത് കിഷോര്‍ വരുമെന്ന ഊഹാപോഹങ്ങള്‍ക്ക് വിരാമം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാനുള്ള ഓഫര്‍ പ്രശാന്ത് കിഷോര്‍ നിരസിച്ചതായി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.

'കോണ്‍ഗ്രസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചര്‍ച്ചകള്‍ക്കും ശേഷം, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഒരു ഉന്നതാധികാരസമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി പ്രശാന്ത് കിഷോറിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേരാന്‍ ക്ഷണിച്ചു. കൃത്യമായ ചുമതലകളോടെ പാര്‍ട്ടിയില്‍ ചേരണമെന്നായിരുന്നു ക്ഷണം. എന്നാല്‍ ഈ ക്ഷണം അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നന്ദി'', രണ്‍ദീപ് സുര്‍ജേവാല വ്യക്തമാക്കി.

2024 ലോകസഭ തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ കോണ്‍ഗ്രസ് നിയോഗിച്ചിരുന്നു. പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം കൂടി പരിഗണിച്ചായിരുന്നു നടപടി. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള വഴികള്‍ ആലോചിക്കാന്‍ അടുത്ത മാസം ചിന്തന്‍ ശിബിര്‍ ചേരാനും കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. ചര്‍ച്ചകള്‍ക്ക് ജി-23 നേതാക്കളെ കൂടി ഉള്‍പ്പെടുത്തി 6 സമിതികളെയും നിയോഗിച്ചിരുന്നു. പ്രശാന്ത് കിഷോറിന് വാഗ്ദാനം ചെയ്തത് ജനറല്‍ സെക്രട്ടറി, മാനേജ്‌മെന്റ് ആന്റ് കോഡിനേഷന്‍ പദവിയാണെന്ന് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അനുവാദം വേണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനോട് പാര്‍ട്ടിക്കകത്ത് നിന്ന് എതിര്‍പ്പ് ഉയര്‍ന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിക്കുന്നു.  പ്രശാന്ത് കിഷോറിന് പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി സ്വതന്ത്രമായ വലിയ ചുമതലകള്‍ നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമുണ്ടായിരുന്നുവെന്നാണ് സൂചന.

Related News