മദ്യപിച്ച് ബഹളമുണ്ടാക്കി; അടിച്ച ഇരുമ്പുകമ്പനി പിടിച്ചുവാങ്ങി ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

  • 27/04/2022

കോതമംഗലം: കുടുംബകലഹത്തെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ ഇരുമ്പുകമ്പികൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കോട്ടപ്പടിയില്‍ ചേറങ്ങനാല്‍ സപ്ലൈകോ ഗോഡൗണിന് സമീപം മനയ്ക്കക്കുടി സാജു വര്‍ക്കി (വാര്‍ക്ക സാജു -61) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഏലിയാമ്മ (തങ്ക -58) കോട്ടപ്പടി പോലീസില്‍ കീഴടങ്ങി. 

ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അടിയേറ്റുവീണ സാജുവിനെ പോലീസെത്തി ആംബുലന്‍സില്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സാജു മിക്കദിവസവും മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുകയും ഭാര്യയെ ഉപദ്രവിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

സംഭവ ദിവസം മദ്യപിച്ച് ബഹളമുണ്ടാക്കിയ സാജു, ഏലിയാമ്മയെ ഇരുമ്പുപട്ടകൊണ്ട് നടുവിന് അടിച്ചു. അടിയേറ്റുവീണ ഏലിയാമ്മ പട്ട പിടിച്ചുവാങ്ങി സാജുവിനെ തിരിച്ചടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ സാജു നിലത്തുവീണു. ഇതു കണ്ട് ഭയന്ന ഏലിയാമ്മ മുക്കാല്‍ കിലോമീറ്ററോളം നടന്നുചെന്ന് കോട്ടപ്പടി പോലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു.  സാജുവിന്റെ ശല്യംകാരണം മക്കള്‍ മാറിയാണ് താമസം.മക്കള്‍: ബിബിന്‍, ബ്രിന്റോ, ബില്‍ബി. മരുമക്കള്‍: ജിപ്‌സ, ലിജുമോള്‍. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Related News