അഞ്ച് വയസുകാരിയെ പീഡിപ്പിച്ചു; 47 കാരന് 40 വർഷം കഠിന തടവ്

  • 27/04/2022

തൃശ്ശൂർ: അഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തടവുശിക്ഷയ്ക്ക് പുറമെ പ്രതി ഒരു ലക്ഷം രൂപ പിഴയും അടയ്ക്കണം. ചാവക്കാട് സ്വദേശി 47 കാരനായ സെയ്ദ് മുഹമ്മദിനെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.

 2017 ഫെബ്രുവരി മാസത്തിൽ കൂട്ടുകാരോടൊപ്പം വീട്ടിൽ കളിക്കാൻ വന്ന അയൽക്കാരിയായ അഞ്ച് വയസ്സുകാരി പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വീട്ടുകാര്‍ കുട്ടിയോട് കാര്യം തിരക്കിയത്. ഇതോടെ പീഡനവിവരം വെളിപ്പെടുത്തുകയും വീട്ടുകാര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പ്രതി തന്റെ വീട്ടിലും വീടിന്റ ടെറസിലും വച്ച് കുട്ടിയെ  ലൈംഗികമായി നിരവധി തവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. വിവരം പുറത്ത് പറയാതിരിക്കാൻ ബാലികയെ ഭീഷണിപ്പെടുത്തിയതായും വ്യക്തമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ശരിവെച്ച ജഡ്ജ് എംപി ഷിബു ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെഎസ് ബിനോയ് ഹാജരായി. 13 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.

Related News