തൃശ്ശൂരും കോട്ടയത്തുമായി അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

  • 28/04/2022

തൃശ്ശൂര്‍: കോട്ടയത്തും തൃശ്ശൂരിലുമുണ്ടായ അപകടങ്ങളില്‍ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു. ചാവക്കാടിന് സമീപം ഒരുമനയൂരില്‍ വൈകിട്ട് 5.45ഓടെയുണ്ടായ അപകടത്തില്‍ മൂന്ന് കുട്ടികളാണ് മരിച്ചത്. 

കായലില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. ഒരുമനയൂര്‍ കഴുത്താക്കലിലാണ് സംഭവം. ഒരുമനയൂര്‍ സ്വദേശികളായ സൂര്യ, മുഹസിന്‍, വരുണ്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്.

സുഹൃത്തുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനായി കായലില്‍ ഇറങ്ങി, മൂന്ന് പേര്‍ ചളിയില്‍ ആഴ്ന്നു പോകുകയായിരുന്നു. ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികള്‍ ഓടി വീട്ടിലേക്ക് പോയി. പേടിച്ചുപോയ ഇവര്‍ വിവരം ആരോടും പറഞ്ഞില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികളാണ് മരിച്ചത്. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ 16 ഉം 14 ഉം വയസുള്ള നവീന്‍, അമല്‍ എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം. പേരൂര്‍ പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാന്‍ എത്തിയതായിരുന്നു നാലംഗ സംഘം. ഇതില്‍ രണ്ടുപേര്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെട്ടു. സമീപവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തെടുക്കുമ്പോഴേക്കും നവീന്‍ മരിച്ചിരുന്നു. കാരിത്താസ് ആശുപത്രിയില്‍ വെച്ചാണ് അമല്‍ മരിച്ചത്.

Related News