സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

  • 29/04/2022

തിരുവനന്തപുരം: ഇന്നലത്തേതിന് സമാനമായി സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയില്‍ 15 മിനിറ്റായിരിക്കും നിയന്ത്രണം. കല്‍ക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. 

പീക്ക് അവറില്‍ 200 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാര്‍ ഒപ്പിട്ടുവെന്നും മന്ത്രി കെ.കൃഷ്ണന്‍ കുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസല്‍ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളില്‍ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കല്‍ക്കരി പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തി. ആവശ്യമായ സ്റ്റോക്ക് കല്‍ക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. സ്റ്റോക്ക് തുടര്‍ച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.എന്നാല്‍ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ബീഹാറിലും ,ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു .ദില്ലിക്ക് വൈദ്യുതി നല്‍കുന്ന താപനിലയങ്ങളില്‍ കല്‍ക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവില്‍ ദില്ലിയില്‍ വൈദ്യുതി നല്‍കുന്ന താപനിലയങ്ങളില്‍ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കല്‍ക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്.

Related News