മമ്മൂക്കക്കും ലാലേട്ടനും പ്രായമായി, എന്നാല്‍ യുവതാരങ്ങള്‍ കെ റെയില്‍ സംബന്ധിച്ച അഭിപ്രായങ്ങള്‍ വ്യക്തമാക്കണമെന്ന് ഹരീഷ് പേരടി

  • 29/04/2022

കൊച്ചി:  ഡി.വൈ.എഫ്.ഐയുടെ ഫുഡ് ഫെസ്റ്റിനെതിരായ വിമര്‍ശനത്തിന് പിന്നാലെ കെ റെയില്‍ വിഷയത്തിലും സര്‍ക്കാരിനെതിരായ പരാമര്‍ശവുമായി നടന്‍ ഹരീഷ് പേരടി. മലയാളസിനിമയിലെ താരങ്ങള്‍ കെ റെയില്‍ വിഷയത്തില്‍ അഭിപ്രായം പറയണമെന്ന ആവശ്യവുമാണ് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടത്. 

മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബം പോറ്റുന്ന, മലയാള സിനിമയുടെ ഭാവി താരങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി വാ തുറക്കണമെന്ന് അദ്ദേഹം പറഞ്ഞു.കെ റെയില്‍ പദ്ധതി നടപ്പിലാക്കണമെന്നും എന്നാല്‍, ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണെന്നും ഹരീഷ് വ്യക്തമാക്കി. 

ഫെയ്സ്ബുക്ക് കുറിപ്പ്:

മമ്മുക്കയേയും ലാലേട്ടനെയും വിടാം...അവര്‍ക്ക് പ്രായമായില്ലെ...കെ.റെയിലിനെപറ്റി നമ്മുടെ യുവതാരങ്ങളായ ഫഹദ് ഫാസില്‍,പ്രിഥിരാജ്,ദുല്‍ഖര്‍ സല്‍മാന്‍,കുഞ്ചാക്കോ ബോബന്‍,ആസിഫ് അലി,നിവിന്‍ പോളി,വിനീത് ശ്രീനിവാസന്‍,പ്രണവ് മോഹന്‍ലാല്‍ ഇങ്ങിനെയുള്ളവര്‍ക്കൊക്കെ എന്താണ് അഭിപ്രായം എന്നറിഞ്ഞാല്‍ കൊള്ളാം...കാരണം മലയാള സിനിമയില്‍ കെ.റെയിലിനെ കുറിച്ച് സിനിമയെടുത്താലും പരസ്യമെടുത്താലും അതില്‍ അഭിനയിക്കാനുള്ളവരാണ് നിങ്ങള്‍...മലയാള സിനിമയില്‍ അഭിനയിച്ച് കുടുംബപോറ്റുന്ന,മലയാള സിനിമയുടെ ഭാവി താരങ്ങളായ നിങ്ങള്‍ കേരളത്തിലെ മനുഷ്യരുടെ പ്രശ്നങ്ങള്‍ക്കുവേണ്ടി വാ തുറക്കു...നിങ്ങളുടെ സിനിമകളെ 100 കോടി ക്ലബില്‍ കയറ്റാന്‍ വേണ്ടി മലയാളികള്‍ കാത്തിരിക്കുകയാണ്...എന്റെ അഭിപ്രായം-കെ.റെയില്‍ വേണം...പക്ഷെ ഉടമസ്ഥരുടെ സമ്മതമില്ലാതെയുള്ള ഈ കല്ലിടല്‍ തനി ഫാസിസമാണ്...

Related News