പിതാവ് വീടിന് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു

  • 29/04/2022

ഇടുക്കി: ഇടുക്കി പുറ്റടിയിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകളും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ശ്രീധന്യ രവീന്ദ്രനാണ് മരിച്ചത്. മൂന്ന് ദിവസമായി ചികിൽസയിലായിരുന്നു. 

 പുറ്റടി ഹോളി ക്രോസ്സ് കോളേജിന് സമീപമുള്ള വീട്ടില്‍ 25-ന് പുലര്‍ച്ചെയായിരുന്നു സംഭവം ഉണ്ടായത്. ഉറങ്ങിക്കിടന്ന ഭാര്യ ഉഷയെ തീകൊളുത്തിയ ശേഷം രവീന്ദ്രന്‍ സ്വയം തീ കൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രവീന്ദ്രനും ഭാര്യ ഉഷയും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. അപകടത്തിൽ ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. കുടുംബ പ്രശ്നങ്ങളാണ് രവീന്ദ്രന്റെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.

ലൈഫ് മിഷൻ പദ്ധതിയിൽ അനുവദിച്ചു കിട്ടിയ പണി തീരാത്ത വീടിനാണ് രവീന്ദ്രൻ തീകൊളുത്തിയത്. അഗ്നിബാധയിൽ വീട്ടിൽ ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടിത്തെറിച്ചിരുന്നു. ഇവ രവീന്ദ്രൻറെയും ഉഷയുടേയും ദേഹത്ത് പതിച്ചിരുന്നു. അഗ്നിബാധയുണ്ടായതിന് പിന്നാലെ വീട്ടിൽ നിന്നും നിലവിളിച്ചു കൊണ്ടു ശ്രീധന്യ പുറത്തേക്ക് വന്നുവെന്നാണ് സാക്ഷികളുടെ മൊഴി. അമ്മയെ രക്ഷിക്കണമെന്ന് പറഞ്ഞു കരഞ്ഞ ശ്രീധന്യയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ തന്നെ തീയണച്ച് ശ്രീധന്യയെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. പിന്നീട് ഫയർഫോഴ്സ് എത്തി തീയണച്ച ശേഷമാണ് രവീന്ദ്രൻറെയും ഉഷയുടേയും മൃതദേഹങ്ങൾ പുറത്ത് എടുത്തത്. 

അപകടത്തിന് മുൻപ് രവീന്ദ്രൻ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിൽ സംഭവം ആത്മഹത്യയാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ഭാര്യയെ ഉഷയെ കൊലപ്പെടുത്തിയ ശേഷം രവീന്ദ്രൻ വീടിന് തീയിട്ട് ജീവനൊടുക്കുകയായിരുന്നുവെന്നും തീകത്തിക്കാൻ മണ്ണെണ്ണയോടൊപ്പം പെട്രോളും ഉപയോഗിച്ചതായും പോലീസ് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ അണക്കരയിലെ പെട്രോള്‍ പമ്പില്‍ നിന്ന് അഞ്ചു ലിറ്ററിന്റെ കറുത്ത പ്ലാസ്റ്റിക് ജാറില്‍ രവീന്ദ്രന്‍ പെട്രോള്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 

Related News