യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ചാടി

  • 29/04/2022

ആലുവ: യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചതിന് പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ചാടി മരിച്ചു. എറണാകുളം 42 കാരിയായ മഞ്ജുവും 39 കാരനായ ശ്രീകാന്തുമാണ് മരിച്ചത്. ഇരുവരും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. ആലുവയിൽ ഇന്നലെ രാത്രിയാണ് സംഭവം. 

വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ആലുവ കുഴിവേലിപ്പടി സ്വദേശി മഞ്ജു, ആലുവ ഗ്യാരേജിന് സമീപം ട്രെയിനിന് മുന്നിൽ ചാടി മരിച്ചത്. മൂന്ന് മാസം മുൻപാണ് ഡ്രൈവറായ ശ്രീകാന്ത് മഞ്ജുവിന്റെ വീടിനടുത്ത്‌ വാടകക്ക് താമസിക്കാനെത്തിയത്. പിന്നീട് ഇരുവരും പ്രണയത്തിലായി. പ്രദേശത്തെ ഒരു ഫാക്ടറിയിലെ ജീവനക്കാരിയായിരുന്നു മ‍ഞ്ജു. 

 ഇവരുടെ പ്രണയം കഴിഞ്ഞ ദിവസം വീട്ടുകാർ അറിഞ്ഞിരുന്നു. ഇതോടെ വിഷമത്തിലായ മഞ്ജു, ഇന്നലെ വൈകിട്ട് ശ്രീകാന്തിനെ ആലുവയിലേക്ക് വിളിച്ചു വരുത്തിയ ശേഷം ഫോണില്‍ സംസാരിക്കുന്നതിനിടെ റെയിൽ പാളത്തിലേക്ക് ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപ്രതീക്ഷിതമായ സംഭവത്തില്‍ ഞെട്ടിയ ശ്രീകാന്ത് ഓട്ടോയിൽ ആലുവ മാർത്താണ്ഡ വർമ്മ പാലത്തിൽ എത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ഇന്ന് രാവിലെയാണ് ശ്രീകാന്തിന്റെ മൃതദേഹം കണ്ടെടുത്തത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related News