വി.കെ സനോജ് ഡി.വൈ.എഫ്.ഐ സെക്രട്ടറിയായി തുടരും; വി. വസീഫ് പ്രസിഡന്റ്, ചിന്താ ജെറോമിനെ പരിഗണിച്ചില്ല

  • 30/04/2022

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം സെക്രട്ടറിയായി വി.കെ സനോജിനെയും പ്രസിഡന്റായി വി. വസീഫിനെയും തിരഞ്ഞെടുത്തു. കണ്ണൂര്‍ സ്വദേശിയായ സനോജ് തന്നെയാണ് നിലവിലെ സെക്രട്ടറി. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വസീഫ് നിലവിലെ ജോയിന്റ് സെക്രട്ടറിയാണ്. സനോജ് സ്ഥാനം ഏറ്റെടുത്തിട്ട് അധികമായില്ല. സംസ്ഥാന സെക്രട്ടറിയായിരുന്ന എ.എ. റഹീം ദേശീയ പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍വന്ന ഒഴിവിലേക്ക് സനോജിനെ നിയോഗിക്കുകയായിരുന്നു.

അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ചിന്താ ജെറോം കമ്മിറ്റിയില്‍ നിന്ന് ഒഴിവായത് അപ്രതീക്ഷിതമായിരുന്നു.  സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്തിയ ചിന്തയ്ക്ക് ഡിവൈഎഫ്ഐ പ്രസിഡന്റ് പദവി നല്‍കുന്നത് ഇരട്ടപ്രമോഷനാകുമെന്ന വിലയിരുത്തലിലാണ് തഴഞ്ഞത്. എസ്. സതീഷ്, ചിന്താ ജെറോം, കെ.യു. ജെനീഷ് കുമാര്‍ തുടങ്ങിയവര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവായി. എസ്.ആര്‍. അരുണ്‍ ബാബുവിനെ ട്രഷററായി തിരഞ്ഞെടുത്തു. 25 സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളും 90 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെട്ടതാണ് പുതിയ ഡിവൈഎഫ്ഐ കമ്മിറ്റി. 

സംസ്ഥാന സമിതിയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ അംഗത്തെ ഉള്‍പ്പെടുത്തി. ചങ്ങാനശേരി സ്വദേശി ലയ മരിയ ജെയ്സനാണ് ഡിവൈഎഫ്ഐ സംസ്ഥാന സമതിയില്‍ ഇടം നേടിയത്.പത്തനംതിട്ടയില്‍ ബുധനാഴ്ച ആരംഭിച്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു.

Related News