പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം; ഉത്തരസൂചിക മാറ്റില്ലെന്നുറപ്പിച്ച് മന്ത്രി

  • 30/04/2022

തിരുവനന്തപുരം: പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യ നിര്‍ണ്ണയത്തിനായുള്ള ഉത്തരസൂചിക മാറ്റില്ലെന്ന നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ക്യാമ്പ് ബഹിഷ്‌ക്കരിച്ചാല്‍ നടപടിയെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് പരിഗണിക്കാതെ ഇന്നും സംസ്ഥാനത്ത് കെമസ്ട്രിയുടെ വിവിധ ക്യാമ്പുകള്‍ അധ്യാപകര്‍ ബഹിഷ്‌ക്കരിച്ചു. തിരുവനന്തപുരം ഉള്‍പ്പടെ പല ജില്ലകളിലും ആരും ക്യാമ്പിലെത്തിയില്ല. നിലവിലെ ഉത്തര സൂചികമാറ്റണമെന്നാണ് പ്രധാനപ്പെട്ട ആവശ്യം. തെറ്റായ ഉത്തര സൂചിക മറികടക്കാന്‍ സ്‌കീം ഫൈനലൈസേഷന്റെ ഭാഗമായി പുതിയ ഉത്തര സൂചിക തയ്യാറാക്കിയ 12 അധ്യാപകര്‍ക്കെതിരായ നടപടി പിന്‍വലിക്കണമെന്നാണ് രണ്ടാമത്തെ ആവശ്യം.

ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് പരാതികളുയര്‍ന്നിരുന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് കിട്ടുന്ന തരത്തിലുള്ള ഫൈനലൈസേഷന്‍ സ്‌കീം ഉപയോഗിക്കണമെന്നാണ് അധ്യാപകര്‍ ആവശ്യപ്പെടുന്നത്. തെറ്റായ ഉത്തര സൂചിക തുടര്‍ന്നാല്‍ കുട്ടികള്‍ക്ക് 20 മാര്‍ക്ക് വരെ കുറയുമെന്നാണ് അധ്യാപകരുടെ ആശങ്ക. എന്നാല്‍ കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ട്ടപ്പെടില്ലെന്ന് വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പ്രതിഷേധിക്കുന്ന അധ്യാപകരാണ് പ്രശ്‌നത്തിന് കാരണമെന്നും വിശദീകരിക്കുന്നു.

Related News