കോഴിയെ ജീവനോടെ തോലുരിച്ച് ഇറച്ചിക്കഷണങ്ങളാക്കി; യുവാവ് പിടിയില്‍

  • 30/04/2022

തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. പാറശ്ശാലയ്ക്ക് സമീപം ചെങ്കവിള അയിര കുഴിവിളാകം പുത്തന്‍ വീട്ടില്‍ മനു(36)വിനെയാണ് കൊല്ലങ്കോട് പോലീസ് അറസ്റ്റുചെയ്തത്. ചെങ്കവിള കണ്ണനാ​ഗം ജംഗ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ.

കഴിഞ്ഞയാഴ്ച കൊല്ലങ്കോടിന് സമീപത്തെ കോഴിക്കടയില്‍ കോഴിവാങ്ങുവാനെത്തിയയാളാണ് ജീവനക്കാരൻ കോഴിയെ ജീവനോടെ തൊലി ഉരിച്ചുമാറ്റി ഇറച്ചിക്കഷണങ്ങളാക്കുന്നത് കണ്ടത്. ഇയാള്‍ ഇത് മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ജീവനക്കാരനെതിരെ മൃ​ഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

ഈസ്റ്റർ സമയത്താണ് കോഴിക്കോടയിൽ ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവന്നത്.  കോഴിയെ ജീവനോടെ പപ്പും പൂടയും പറിച്ച ശേഷം ഇതിനെ ഉയർത്തിപ്പിടിച്ച് ചിരിക്കുന്നത് വീഡിയോയിൽ കാണാം. തൂവലുകൾ പറിക്കുമ്പോൾ മുതൽ കോഴി കരയുന്നത് വീഡിയോയിൽ കേൾക്കാം.  തുടർന്ന് ചിറകുകളും കാലുകളും അറുത്ത ശേഷം ചിരിച്ചുകൊണ്ട് മുതുകത്ത് വെട്ടുകയും ചെയ്ത ശേഷവും ഉയർത്തിപ്പിടിച്ച് ചിരിക്കുന്നുണ്ട്. തുടർന്ന് മടക്കിയൊടിച്ച് രണ്ടാക്കി വലിച്ചുകീറുകയും കുടലും പിണ്ഡവും മറ്റും വലിച്ചു പുറത്തിടുന്നതും വീഡിയോയിൽ കാണാം. 

ഏറ്റവുമൊടുവിലാണ് ഇയാൾ കോഴിയുടെ കഴുത്ത് അറുക്കുന്നത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. തിരച്ചിലിനൊടുവിലാണ് പിടിയിലായത്. 

Related News