കാറില്‍ മാന്തിയെന്നാരോപിച്ച് വളര്‍ത്തുപൂച്ചയെ അയല്‍വാസി വെടിവെച്ചു, ഗുരുതര പരിക്ക്

  • 30/04/2022

കോട്ടയം: കാറില്‍ മാന്തിയെന്നാരോപിച്ച് അയല്‍വാസി വളര്‍ത്തുപൂച്ചയെ വെടിവെച്ചു. പൂച്ചയ്ക്ക് ഗുരുതര പരിക്ക്. നീണ്ടൂര്‍ സ്വദേശികളായ തോമസ്-മോണിക്ക ദമ്പതികളുടെ പൂച്ചയ്ക്കാണ് വെടിയേറ്റത്. കാറില്‍ പൂച്ച മാന്തിയെന്നാരോപിച്ച് അയല്‍വാസി അവറാന്‍ തോക്ക് കൊണ്ട് വെടിവെച്ചത്. പൂച്ചയുടെ വയര്‍ ഭാഗത്താണ് വെടിയേറ്റത്. അതിരമ്പുഴ സ്വകാര്യ മൃഗാശുപത്രിയിലെത്തിച്ച പൂച്ചയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. 

മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് പൂച്ചയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട പുറത്തെടുത്തത്. എക്സറേ പരിശോധനയില്‍ വെടിയുണ്ട കണ്ടെത്തി. ഡോ.ടെറിന്റെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തി പൂച്ചയുടെ വയറ്റില്‍ തറഞ്ഞിരിക്കുന്ന ലോഹക്കഷണം പുറത്തെടുത്തു. നാടന്‍ തോക്കില്‍നിന്നുള്ള വെടിയുണ്ടയാണിതെന്നാണ് സൂചന. പിന്നീട് പൂച്ചയെ വീട്ടിലേയ്ക്ക് കൊണ്ടുപോയി. 

 ഭയം കാരണം പോലീസില്‍ പരാതി നല്‍കാന്‍ ദമ്പതിമാര്‍ ആദ്യം തയ്യാറായില്ല. ശനിയാഴ്ച പരാതി നല്‍കുമെന്ന് ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. രണ്ട് പൂച്ചകളെ ഇവര്‍ വളര്‍ത്തുന്നുണ്ട്. സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് ഏറ്റുമാനൂര്‍ പോലീസ് അറിയിച്ചു. 

Related News