ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ചു; 14 പേര്‍ ആശുപത്രിയില്‍, എല്ലാവരും കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍

  • 01/05/2022

കാസര്‍കോട്: കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ പെരളം സ്വദേശി 16 വയസ്സുകാരി ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം. ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം.

കഴിഞ്ഞ 29, 30 ദിവസങ്ങളില്‍ ചെറുവത്തൂരിലെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.  കടുത്ത പനിയും വയറിളക്കവും ഛര്‍ദിയും അനുഭവപ്പെട്ടതോടെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാവിലെയുമായി ആശുപത്രികളില്‍ എത്തിയ കുട്ടികളാണ് ചികിത്സയില്‍ കഴിയുന്നത്. സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞു. സ്ഥാപനം അധികൃതര്‍ പൂട്ടി സീല്‍ ചെയ്തു.

 ഞായറാഴ്ച രാവിലെയാണ് ദേവനന്ദ ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടി എത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു. വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേകം ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Related News