ഠീക്കാറാം മീണക്കെതിരെ വക്കീല്‍ നോട്ടീസയച്ച് പി. ശശി

  • 01/05/2022



തിരുവനന്തപുരം: ആത്മകഥയിലെ വിവാദ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ടിക്കാറാം മീണയ്‌ക്കെതിരെ പി.ശശി വക്കീല്‍ നോട്ടീസ് അയച്ചു. മീണയുടെ ആത്മകഥയില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശത്തിലാണ് നോട്ടീസ്. പരാമര്‍ശം പിന്‍വലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഈ പരാമര്‍ശങ്ങളടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. 

നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ അകാരണമായി സസ്‌പെന്റ് ചെയ്തതിനും സ്ഥലം മാറ്റിയതിനും പിന്നില്‍ അന്നത്തെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയായിരുന്നു എന്നാണ് ആത്മകഥയില്‍ മീണയുടെ ആരോപണം.തൃശ്ശൂര്‍ കളക്ടറായിരിക്കെ വ്യാജകള്ള് നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുത്തതിന്റെ പേരില്‍ ഇ.കെ.നയനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശി ഇടപെട്ട് തന്നെ സ്ഥലം മാറ്റിയെന്നാണ് ആത്മകഥയില്‍ മീണയുടെ വെളിപ്പെടുത്തല്‍. 

വയനാട് കളക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും പി.ശശിയെന്നും ടിക്കറാം മീണയുടെ ആത്മകഥയിലുണ്ട്. കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ ഭക്ഷ്യമന്ത്രിയായിരുന്ന ടി.എച്ച് മുസ്തഫ പ്രതികാരബുദ്ധിയോടെ പെരുമാറിയെന്നും മീണ പറയുന്നു.ഇടത് വലത് സര്‍ക്കാരുകളുടെ കാലത്ത് സത്യസന്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരില്‍ നേരിട്ട സമ്മര്‍ദ്ദങ്ങളും ദുരനുഭവങ്ങളുമാണ് ടിക്കറാം മീണയുടെ തോല്‍ക്കില്ല ഞാന്‍ എന്ന ആത്മകഥയുടെ ഹൈലൈറ്റ്. ഇന്ന് പിണറായി വിജയനന്റേയും പണ്ട് ഇ.കെ.നായനാരുടെയും പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെയാണ് പ്രധാന വിമര്‍ശനം.

Related News