ഷവര്‍മ്മ നിര്‍മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടുവരുന്നു

  • 02/05/2022

തിരുവനന്തപുരം: ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ വിദ്യാര്‍ഥിനി മരിച്ചതിന് പിന്നാലെ സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മാണത്തില്‍ ഏകീകൃത മാനദണ്ഡം കൊണ്ടുവരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ഇതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. 

അതേസമയം ചെറുവത്തൂര്‍ സംഭവത്തില്‍ ആശുപത്രിയില്‍ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമല്ല. ഈ കുട്ടികള്‍ക്ക് സൗജന്യചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഐഡിയല്‍ ഫുഡ് പോയിന്റിലേക്ക് കോഴിയിറച്ചി നല്‍കിയ ഇറച്ചിക്കടയും ഭക്ഷ്യസുരക്ഷാവകുപ്പ് ഇന്ന് അടപ്പിച്ചിട്ടുണ്ട്. ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയെ ചിക്കന്‍ സെന്റര്‍ എന്ന സ്ഥാപനമാണ് ഭക്ഷ്യസുരക്ഷാവകുപ്പ് അടപ്പിച്ചത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചതിനാണ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചെറുവത്തൂര്‍ ബസ് സ്റ്റാന്റ് പരിസരത്തെ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഷവര്‍മയില്‍ ഉപയോഗിച്ച പഴകിയ മയോണൈസാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.ഫുഡ് സേഫ്റ്റി ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഐഡിയല്‍ ഫുഡ് പോയന്റെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നു. കട പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.

Related News