പ്ലസ് ടു കെമിസ്ട്രി പരീക്ഷാ ഉത്തരസൂചിക പുന: പരിശോധിക്കാന്‍ പുതിയ സമിതി

  • 02/05/2022

തിരുവനന്തപുരം:  പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കുമെന്നും ഇതിനായി 15 അംഗ സമിതിയെ നിയോഗിച്ചതായും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. സമിതി നിര്‍ദ്ദേശിക്കുന്ന പുതിയ ഉത്തരസൂചിക പ്രകാരം ബുധനാഴ്ച മുതല്‍ മൂല്യനിര്‍ണയം നടത്തും. ഇതുവരെ നോക്കിയ പേപ്പറുകള്‍ വീണ്ടും മൂല്യനിര്‍ണയത്തിന് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരസൂചിക പുനഃപരിശോധിക്കുന്നതിനായി നാളെ രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്തെത്താന്‍ അധ്യാപകര്‍ക്ക് വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു ജില്ലയില്‍ നിന്ന് രണ്ടധ്യാപകര്‍ വീതം തലസ്ഥാനത്തേക്കെത്താനാണ് നിര്‍ദ്ദേശം.

അതേസമയം മൂല്യനിര്‍ണയം ബഹിഷ്‌കരിച്ച അധ്യാപകര്‍ക്കതിരെ അന്വേഷണം നടത്തും. ഇക്കാര്യം പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് അന്വേഷിക്കുക. ബഹിഷ്‌ക്കരിച്ച 12 അധ്യാപകര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെന്നും മന്ത്രി അറിയിച്ചു.ഉത്തരസൂചികയില്‍ പോരായ്മ ഉണ്ടെങ്കില്‍ പരിശോധിക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഇതുവരെ 28,000 പേപ്പറുകളാണ് മൂല്യനിര്‍ണയം നടത്തിയത്. ഇവ വീണ്ടും പരിശോധിച്ച് ഫലപ്രഖ്യാപനം സമയബന്ധിതമായി തന്നെ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Related News