തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 31ന്; വോട്ടെണ്ണല്‍ ജൂണ്‍ മൂന്നിന്

  • 02/05/2022

ദില്ലി: പിടി തോമസിന്റെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവു വന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ മെയ് 31ന് ഉപതെരഞ്ഞെടുപ്പ് നടക്കും. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണും. 

മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ണ്‍ ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കണം എന്നാണ് നിര്‍ദേശം. 


യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്. മത്സരിക്കാം എന്നൊരു വ്യക്തമായ ഉറപ്പ് ഉമ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിനും പിടിയുടെ കുടുംബം തയ്യാറായിട്ടില്ല. 

മറുവശത്ത് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

Related News