പുഴയിൽ കുളിക്കാനിറങ്ങിയ ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു

  • 02/05/2022

കാസര്‍കോട്: പയസ്വിനി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ദമ്പതികളും ബന്ധുവും മുങ്ങി മരിച്ചു. കോട്ടവയല്‍ സ്വദേശി നിതിന്‍ (31), ഭാര്യ ദീക്ഷ (23), വിദ്യാര്‍ഥിയായ മനീഷ് (16) എന്നിവരാണ് മരിച്ചത്. നിതിന്റെ സഹോദരന്റെ മകനാണ് മനീഷ്.  പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. 

വൈകീട്ടോടെ കുണ്ടംകുഴിയിലാണ് സംഭവം ഉണ്ടായത്. കര്‍ണാടക സ്വദേശികളായ പത്തുപേരാണ് പുഴയില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ചുഴിയുള്ള പ്രദേശത്തായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.മനീഷിന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തിരച്ചിലിനൊടുവിലാണ് ദമ്പതികളുടെ മൃതദേഹം കിട്ടിയത്.

 അഗ്നി രക്ഷാ സേനയും നാട്ടുകാരും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ദീർഘനേരം പരിശ്രമിച്ച ശേഷമാണ് മൂവരെയും കണ്ടെത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.

അതേസമയം തിരുവനന്തപുരത്ത് ഒൻപത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം പോത്തൻകോടിന് അടുത്ത് കൊയ്ത്തൂർകോണം ഖബറഡി നഗറിലാണ് സംഭവം. മുഹമ്മദ് ഷായുടെ മകൻ മുഹമ്മദ് ഫർഹാൻ (9) ആണ് മരിച്ചത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീണതാണെന്നാണ് വിവരം.

Related News