തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിച്ചാല്‍ പിന്തുണ നല്‍കാനൊരുങ്ങി ട്വന്റി-ട്വന്റി

  • 03/05/2022

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി-ട്വന്റി ഇത്തവണ മല്‍സരിക്കില്ലെന്ന് സൂചന. പകരം ആം ആദ്മി പാര്‍ടി സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ പിന്തുണക്കാനാണ് ആലോചന. 

പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന തൃക്കാക്കര നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് 31നാണ്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിന്‍വലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

യുഡിഎഫിന്റെ ഉറച്ച മണ്ഡലമായിട്ടാണ് തൃക്കാക്കര എന്നാണ് പൊതുവിലയിരുത്തലെങ്കിലും ഇക്കുറി കടുത്ത മത്സരം തന്നെ നടക്കാനാണ് സാധ്യത. ഉപതെരഞ്ഞെടുപ്പില്‍ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്നുണ്ടെങ്കിലും അന്തരിച്ച എംഎല്‍എ പിടി തോമസിന്റെ പത്‌നി ഉമാ തോമസിനെ തന്നെ ഇവിടെ മത്സരിപ്പിക്കാനാണ് കെപിസിസി നേതൃത്വം ആഗ്രഹിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന കാര്യം നേരത്തെ തന്നെ നേതാക്കള്‍ ഉമയേയയും കുടുംബത്തേയും അറിയിച്ചിട്ടുണ്ട്.

മറുവശത്ത് കോണ്ഗ്രസ് സ്ഥാനാര്‍ത്ഥിയാരാണെന്ന് വ്യക്തമായ ശേഷം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാം എന്ന നിലപാടിലാണ് സിപിഎം. ഉമാ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം മുന്‍കൂട്ടി കണ്ട് കോണ്ഗ്രസിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ചും പരിഹസിച്ചും ഇതിനോടകം ഇടത് കേന്ദ്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.

Related News