തൃക്കാക്കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് തന്നെ

  • 03/05/2022

കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉമാ തോമസിനെ മത്സരിപ്പിക്കാനുള്ള കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. പി.ടി തോമസിന് മണ്ഡലവുമായുള്ള വൈകാരിക ബന്ധമാണ് അദ്ദേഹത്തിന്റെ ഭാര്യയെ തന്നെ രംഗത്തിറക്കാനുള്ള തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. 

പി.ടി തോമസിന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്രിലുള്‍പ്പെടെ ഉമാ തോമസ് സജീവ സാന്നിധ്യമായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വോട്ടായി മാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കോണ്‍ഗ്രസിന്റെ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്തമായി സ്ഥാനാര്‍ഥിയെ വളരെ വേഗത്തില്‍ പ്രഖ്യാപിക്കാനായി എന്നതും നേട്ടമാണ്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് തൊട്ടടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് കോണ്‍ഗ്രസില്‍ പതിവുള്ള കാര്യമല്ല. എന്നാല്‍ പ്രഖ്യാപനം വൈകിയാല്‍ അസ്വാരസ്യങ്ങളുണ്ടാകുമെന്ന തിരിച്ചറിവും നേതൃത്വത്തിനുണ്ട്. സഹതാപം പറഞ്ഞാല്‍ വോട്ടാകില്ലെന്ന പ്രസ്താവനയുമായി മുന്‍ മന്ത്രി ഡൊമനിക് പ്രസന്റേഷന്‍ രംഗത്ത് വന്നിരുന്നു. സാമുദായിക സമവാക്യങ്ങള്‍ കൂടി പരിഗണിച്ചാകണം സ്ഥാനാര്‍ഥി പ്രഖ്യാപനമെന്ന വാദമുയര്‍ത്തിയ അദ്ദേഹത്തെ ഉമ്മന്‍ ചാണ്ടി നേരിട്ടാണ് അനുനയിപ്പിച്ചത്.

Related News