നിമിഷപ്രിയയുടെ മോചനം; എം.എ യൂസഫലി ഇടപെടുന്നു

  • 03/05/2022

ദുബൈ: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് പിന്തുണ നല്‍കുമെന്ന് വ്യവസായി എം എ യൂസഫലി. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും എം എ യൂസഫലി വ്യക്തമാക്കി. 

നേരത്തെ, നിമിഷ പ്രിയയുടെ മോചനത്തിനായി വ്യവസായി യൂസഫലി കൂടി ഇടപെടുന്നതായി റിട്ടയേഡ് ജസ്റ്റിസ് കുര്യന്‍ ജോസഫ് അറിയിച്ചിരുന്നു. ചര്‍ച്ചകളിലും ദയാധനം സമാഹരിക്കുന്നതിലും യൂസഫലിയുടെ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകളെല്ലാം എകോപിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വൈകാതെ ആരൊക്കെ യെമനിലേക്ക് പോകണമെന്നതില്‍ തീരുമാനമെടുക്കും. 

ഇന്ത്യയില്‍ നിന്നുള്ള സംഘം യെമനിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുമായി ചേര്‍ന്നാകും മോചനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തുക.നിമിഷ പ്രിയയെ ബ്ലഡ് മണി നല്‍കി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് സുപ്രീം കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് ആയിരിക്കും നേതൃത്വം നല്‍കുക എന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നു. 

യെമന്‍ പൗരന്‍ തലാല്‍ മുഹമ്മദിന്റെ കുടുംബവുമായി ചര്‍ച്ച നടത്തി നിമിഷയെ വധശിക്ഷയില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള 'സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍' ന്റെ ശ്രമങ്ങള്‍ക്കാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേതൃത്വം നല്‍കുന്നത്.അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചക്ക് തയ്യാറെന്ന് യെമന്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 50 മില്യണ്‍ യെമന്‍ റിയാല്‍ (92,000 ഡോളര്‍) എങ്കിലും ബ്ലഡ്മണിയായി നല്‍കേണ്ടി വരുമെന്നാണ് അറിയിപ്പ്. 10 മില്യണ്‍ യെമന്‍ റിയാല്‍ കോടതി ചെലവും പെനാല്‍ട്ടിയും നല്‍കണം. യെമനിലേക്ക് പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ അനുമതി കാത്തിരിക്കുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍.


Related News