ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും വിട്ടില്ല; യുവതിയ്ക്കും ഭര്‍ത്താവിനും നേരേ സദാചാര ഗുണ്ടാ ആക്രമണം

  • 03/05/2022

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെയും ഭര്‍ത്താവിനെയും സദാചാര ഗുണ്ടകള്‍ ആക്രമിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ ഗോകുലം മെഡിക്കല്‍ കോളേജിന് സമീപം വച്ചാണ് സംഭവം ഉണ്ടായത്. യുവതിയുടെ പരാതിയില്‍ ഒരാളെ അറസ്റ്റ് ചെയ്തു. 52 കാരനായ കരിഞ്ചാത്തി സ്വദേശി മോഹനനാണ് പിടിയിലായത്. 

ആനാട് സ്വദേശികളായ ദമ്പതികള്‍ കീഴായിക്കോണത്ത് വാടക വീട്ടില്‍ താമസിക്കുകയാണ്. നഴ്‌സായ യുവതി ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഭര്‍ത്താവ് അര്‍ജുന്‍ കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയിരുന്നു. ഇരുചക്രവാഹനത്തില്‍ പോകുന്നതിനിടയില്‍ അവിടെയുണ്ടായിരുന്ന മൂന്ന് പേര്‍ ചേര്‍ന്ന് വാഹനം തടഞ്ഞു. സദാചാരം ആരോപിച്ച് ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്‍മാരാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവര്‍ കൂട്ടാക്കാതെ ചോദ്യം ചെയ്യല്‍ തുടരുകയും ഇത് എതിര്‍ത്ത ഭര്‍ത്താവിനെയും തടയാന്‍ ശ്രമിച്ച യുവതിയേയും മര്‍ദ്ദിക്കുകയായിരുന്നു. 

ഈ സമയം അവിടെ എത്തിയ പോലീസ് പട്രോളിംഗ് വാഹനം സംഘത്തില്‍പ്പെട്ട ഒരാളെ കസ്റ്റഡിയില്‍ എടുത്തു. ഇതിനിടയില്‍ രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് ദമ്പതികള്‍ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത രണ്ടാം പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തിനുശേഷം ഒളിവില്‍ പോയ വെഞ്ഞാറമൂട് കരിഞ്ചാത്തി സ്വദേശികളായ ഒന്നാംപ്രതി സ്മൃതിന്‍, മൂന്നാംപ്രതി സുബിന്‍ എന്നിവരെ കണ്ടെത്തുന്നതിനായി അന്വേഷം ഊര്‍ജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.

Related News