സംസ്കാരത്തിന് തൊട്ടുമുമ്പ് ശവപ്പെട്ടിയിൽ നിന്ന് മുട്ടി വിളിച്ചു, ജീവനോടെ കണ്ണ് തുറന്ന് സ്ത്രീ, ഞെട്ടിപ്പിക്കുന്ന സംഭവം

  • 03/05/2022

മരിച്ചെന്ന് കരുതിയ ആൾ ജീവിതത്തിലേക്ക് തിരികെ വന്ന സംഭവങ്ങൾ പലതുണ്ട് നമ്മുടെ ഓർമകളിൽ  എന്നാൽ ശവപ്പെട്ടിയിലടച്ച് സംസ്കാരത്തിന് കൊണ്ടുപോകും വഴി മുട്ടി വിളിച്ച് ജീവിതത്തിലേക്ക് തിരിച്ച് വന്നവർ അക്കൂട്ടത്തിലുണ്ടാകില്ല. അങ്ങനെയൊരു സംഭവമാണ് പെറുവിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്. 

സംസ്കാരചടങ്ങിന് തൊട്ടുമുമ്പ് ഒരു സ്ത്രീ ശവപ്പെട്ടിക്ക് അകത്തുനിന്ന് മുട്ടിവിളിച്ചതാണ് പുതിയ സംഭവം. കഴിഞ്ഞയാഴ്ച പെറുവിലെ ലാംബെയ്ക് നഗരത്തിലാണ് സംഭവം. റോസ ഇസബെൽ സെസ്പെഡസ് കലാസ എന്ന സ്ത്രീയാണ് ശവപ്പെട്ടിയിലുണ്ടായിരുന്നത്. ഒരു കാറപകടത്തെ തുടർന്ന് റോസയ്ക്ക് ​ഗുരുതരമായ അപകടം പറ്റിയിരുന്നു. അതേ അപകടത്തിൽ അവരുടെ ബ്രദർ ഇൻ ലോ കൊല്ലപ്പെടുകയും ചെയ്തു. 

ഇവരുടെ മരുമക്കൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ചൊവ്വാഴ്ച ശവസംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി റോസയെ ഒരു ശവപ്പെട്ടിയിലാക്കി. എന്നാൽ അവൾ ശവപ്പെട്ടിയുടെ ഉള്ളിൽ നിന്ന് മുട്ടുകയായിരുന്നു. ഇതോടെ കൂടിനിന്നവരെല്ലാം ഞെട്ടി. മുട്ടൽ കേട്ടതോടെ ശവപ്പെട്ടി ഉയർത്തിപ്പിടിച്ചിരുന്നവർ അത് താഴെയിറക്കി. നോക്കിയപ്പോൾ റോസ അവർക്ക് നേരെ നോക്കുന്നതാണ് കണ്ടത്. അവർ കണ്ണ് തുറന്നിട്ടുണ്ടായിരുന്നു. 

ആകെ വിയർത്തിട്ടുണ്ടായിരുന്നു. ഉടനെ തന്നെ സെമിത്തേരിക്കാർ പൊലീസിനെ വിളിച്ചു. കുടുംബാംഗങ്ങൾ ഉടൻ തന്നെ റോസയെ ആശുപത്രിയിലേക്ക് മാറ്റി.  ലൈഫ് സപ്പോർട്ട് നൽകി. എന്നാൽ, ദൗർഭാ​ഗ്യകരമെന്ന് പറയട്ടെ  മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു. 

അവർ കോമയിലാകാമെന്നും. അതാവാം അവർ മരിച്ചതായി കണക്കാക്കാൻ ഡോക്ടർമാരെ പ്രേരിപ്പിച്ചതെന്നുമാണ് നിഗമനം. സംഭവത്തിൽ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണിപ്പോൾ.

Related News