റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ ആർഡിഒ അനുമതി നല്‍കി

  • 04/05/2022

കോഴിക്കോട്: മലയാളി വ്ളോഗർ റിഫ മെഹ്നുവിന്‍റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തും. ഇതിനായി അനുമതി വേണമെന്ന അന്വേഷണസംഘത്തിന്‍റെ ആവശ്യം ആർഡിഒ അംഗീകരിച്ചു. ദുബായില്‍ റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസും സുഹൃത്തുക്കളും കബളിപ്പിച്ചതായി കുടുംബം ആരോപിച്ചിരുന്നു. പോലീസില്‍ നല്‍കിയ പരാതിയിലും ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. 

തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്ടർമാരെത്തിയാകും പോസ്റ്റ്മോര്‍ട്ടം നടത്തുക. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്‍റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്തിരുന്നു. 

റിഫയുടെ മരണകാരണം കണ്ടെത്താനാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ഇതിന് അനുമതി തേടി കഴിഞ്ഞ ദിവസമാണ് അപേക്ഷ സമര്‍പ്പിച്ചത്. ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചതോടെ ഇനി ഫോറന്‍സിക് സംഘത്തിന് അപേക്ഷ നല്‍കി അവരുടെ സമയം ലഭിക്കുന്നതിന് അനുസരിച്ച് മൃതദേഹം പുറത്തെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പോലീസ് അറിയിച്ചു. 

മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്ലാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പോലീസിന്‍റെ നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ പോസ്റ്റ്മോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. സംഭവത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിന്റെപേരില്‍ കഴിഞ്ഞദിവസം പോലീസ് കേസെടുത്തിരുന്നു. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

Related News