ഉറങ്ങിക്കിടന്ന പത്ത് വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു; ഡെപ്യൂട്ടി തഹസില്‍ദാരായ പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും

  • 04/05/2022

തിരുവനന്തപുരം: പത്ത് വയസ്സുകാരിയായ  സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാരായ പിതാവിന് 17 വര്‍ഷം തടവുശിക്ഷയും 16.5 ലക്ഷം പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി കെ.വി. രജനീഷിന്റേതാണ് വിധി.  പിഴ ഒടുക്കിയില്ലെങ്കിൽ രണ്ട് വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്.

2019-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മ മരണപ്പെട്ടുപോയ കുട്ടി പിതാവിനൊപ്പം ഉറങ്ങുന്ന സമയത്ത് കുട്ടിയെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. പഠിക്കാൻ മിടുക്കിയായിരുന്ന കുട്ടി പഠിത്തത്തിൽ ശ്രദ്ധിക്കാതെ വരികയും ക്ലാസിൽ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചർ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങൾ അന്വേഷിച്ചു. കുട്ടി ക്ലാസ് ടീച്ചറിനോട് പിതാവിൽ നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങൾ തുറന്ന് പറയുകയും അത് ക്ലാസ് ടീച്ചർ ഹെഡ്മിസ്ട്രസിന്റെയും സ്കൂൾ കൗണ്‍സിലറുടെയും ശ്രദ്ധയിൽ കൊണ്ടുവരികയും ചെയ്തു. ഇതിന്‍റെ അടിസ്ഥാനത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് ഡെപ്യുട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാർ അന്വേക്ഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. കുട്ടി പീഡന വിവരം വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ നല്‍കിയ പരാതിയിലാണ് പാങ്ങോട് പോലീസ് കേസെടുത്തത്. 

ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 19 സാക്ഷികളെ വിസ്തരിച്ചു. 21 രേഖകള്‍ തെളിവായി ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ.കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹശ്മി വി. ഇസഡ്, ബിന്ദു വി.സി എന്നിവരാണ് കോടതിയില്‍ ഹാജരായത്.  നിയമപരമായി കുട്ടിയെ സംരക്ഷിക്കേണ്ട പിതാവ് തന്നെ കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നത് അതി ഗുരുതര കുറ്റകൃത്യം ആണെന്നും പ്രതി യാതൊരു വിധത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കുട്ടിക്ക് നിയമപരമായ നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോടും കോടതി നിർദ്ദേശിക്കുകയുണ്ടായി.

Related News